‘ഞാൻ ആരേയും കൊന്നിട്ടില്ല, ഒറ്റപ്പെടൽ സഹിക്കാൻ കഴിയുന്നില്ല’- സൗമ്യയുടെ മരണത്തിനു പിന്നിലെന്ത്? ഡയറിക്കുറിപ്പുകൾ കണ്ടെടുത്തു

Webdunia
ശനി, 25 ഓഗസ്റ്റ് 2018 (08:52 IST)
പിണറായിയിൽ മക്കളെയും മാതാപിതാക്കളെയും വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി സൌമ്യ ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. സൌമ്യയുടേത് ആത്മഹത്യ തന്നെയെന്ന് തെളിയിക്കുന്ന ഡയറിക്കുറിപ്പുകൾ പൊലീസ് കണ്ടെടുത്തു. 
 
ജയിലിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഏതാനും നോട്ടുപുസ്തകങ്ങളിലായി സൗമ്യ എഴുതിയ കുറിപ്പുകൾ കണ്ടെടുത്തത്. തനിച്ചായി പോയെന്നും ഒറ്റപ്പെടൽ സഹിക്കാനാകുന്നില്ലെന്നും ഇതിലുണ്ട്. ‘എന്റെ മരണത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരല്ല, കുടുംബം ഒറ്റപ്പെടുത്തുന്നു. ഞാൻ കുറ്റക്കാരിയല്ല, ആരെയും കൊന്നിട്ടില്ല’ എന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.
 
അതേസമയം, മുൻ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ കേസ് അട്ടിമറിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കർശന സുരക്ഷയുള്ള ജയിലിനകത്ത് സൗമ്യ തൂങ്ങിമരിച്ചത് അധികൃതർ അറിഞ്ഞില്ലെന്നു പറയുന്നതു വിശ്വസിക്കാനാകില്ല. കേസിലെ ഏക പ്രതിയായ സൗമ്യ ജീവിച്ചിരിക്കരുത് എന്നു മറ്റാർക്കോ നിർബന്ധമുണ്ടായിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു. 
 
ജയിലിൽ സൗമ്യയെ സന്ദർശിച്ച കേരള ലീഗൽ സർവീസ് അതോറിറ്റി(കെൽസ) പ്രവർത്തകരോടു ചിലരുടെ നിർദേശപ്രകാരമാണു കൊലപാതകങ്ങളെന്നും ഇക്കാര്യം കോടതിയിൽ തുറന്നുപറയുമെന്നും സൗമ്യ പറഞ്ഞിരുന്നു. ഇതിൽ‌ നടപടിയുണ്ടായില്ലെന്നും ഇവർ ആരോപിച്ചു. ഒരു സഹോദരിയും മാതാവിന്റെ സഹോദരൻമാരുമാണു സൗമ്യയുടെ അടുത്ത ബന്ധുക്കൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article