ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ ഹിന്ദുവിനും മുസ്ലീമിനും വെവ്വേറെ ബജറ്റ്, വിവാദപ്രസ്താവനയുമായി മോദി വീണ്ടും

അഭിറാം മനോഹർ

ബുധന്‍, 15 മെയ് 2024 (20:25 IST)
ഇന്ത്യാസഖ്യം അധികാരത്തില്‍ വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും വ്യത്യസ്തമായ ബജറ്റ് കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദുക്കള്‍ക്ക് ഇത്ര തുക, മുസ്ലീങ്ങള്‍ക്ക് ഇത്ര എന്ന രീതിയില്‍ ബജറ്റില്‍ നീക്കിവെയ്ക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പുതിയ പരാമര്‍ശം. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചത് കോണ്‍ഗ്രസ് ആണെന്നും മുംബൈയില്‍ നടന്ന തിരെഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ മോദി ആരോപിച്ചു.
 
ബജറ്റിന്റെ 15 ശതമാനം മുസ്ലീങ്ങള്‍ക്കായി നീക്കിവെയ്ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രാജ്യത്തിന്റെ വിഭവങ്ങളില്‍ മുസ്ലീങ്ങള്‍ക്കാണ് ആദ്യ അവകാശമെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്‍പ് തുറന്ന് പറഞ്ഞതാണ്. അന്ന് തന്നെ എന്റെ എതിര്‍പ്പ് ഞാന്‍ അറിയിച്ചിരുന്നു. ഇന്ത്യാ സഖ്യവും രാഹുല്‍ ഗാന്ധിയും മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണ്. കര്‍ണാടകയില്‍ ഒറ്റദിവസം കൊണ്ട് സംസ്ഥാനത്തെ മുസ്ലീങ്ങളെ ഒബിസി ക്വാട്ടയില്‍ ഉള്‍പ്പെടുത്തി. ഇത് മറ്റ് ഭാഗങ്ങളിലും നടപ്പാക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിട്ടു. പ്രധാനമന്ത്രി പറഞ്ഞു.
 
ലോകസഭാ തിരെഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളില്‍ ബിജെപി 400ലേറെ സീറ്റുകള്‍ക്ക് വിജയിക്കുമെന്ന് ബിജെപി അവകാശപ്പെട്ടിരുന്നെങ്കിലും വോട്ടെടുപ്പിന്റെ വിവിധഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ കൂടുതല്‍ വര്‍ഗീയമായ പ്രചാരണമാണ് മോദി നടത്തുന്നത്. മോദി നടത്തിയ ഈ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഈ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് മോദി രംഗത്ത് വന്നിരുന്നു. ഹിന്ദു- മുസ്ലീം കാര്‍ഡ് താന്‍ കളിക്കുന്ന ദിവസം പൊതുപ്രവര്‍ത്തനത്തില്‍ നിന്നും താന്‍ അയോഗ്യനാകുമെന്നായിരുന്നു ദേശീയ മാധ്യമത്തോട് മോദിയുടെ പ്രചാരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍