ഡു പ്ലെസിസ് ധോണിക്ക് പഠിച്ചു; ഒന്നാം ഓവര്‍ താഹിറിന്‌‍, പന്ത് കുത്തിത്തിരിഞ്ഞപ്പോള്‍ ബെയര്‍‌സ്‌റ്റോ ഔട്ട് - ഞെട്ടലോടെ ആരാധകര്‍

Webdunia
വ്യാഴം, 30 മെയ് 2019 (18:10 IST)
തന്ത്രങ്ങളുടെ ആശാനാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ഏത് സാഹചര്യവും സൂക്ഷമമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന താരം. ഒപ്പമുള്ളവര്‍ക്ക് ഉപദേശങ്ങളും തന്ത്രങ്ങളും പകര്‍ന്നു നല്‍കാന്‍ ധോണിയേക്കാള്‍ കേമന്മാരില്ല.

തോല്‍‌വിയുടെ വക്കില്‍ നിന്നുപോലും ടീമിനെ ജയത്തിന്റെ പാതയിലെത്തിക്കാന്‍ അദ്ദേഹത്തിനാകുന്നുണ്ട്.
കളി കൈകാര്യം ചെയ്യുന്ന ധോണിയുടെ രീതി ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ പോലും അതിശയിപ്പിക്കുന്നതാണ്. ബോളര്‍മാരുടെ പേടി സ്വപ്‌നമാകുന്ന ബാറ്റ്‌സ്‌മാന്മാരെ സ്‌പിന്‍ കെണിയില്‍ വീഴ്‌ത്തി പുറത്താക്കുന്ന തന്ത്രം ധോണിയില്‍ നിന്ന് ഉണ്ടായതാണെന്ന് പറയുന്നതില്‍ തെറ്റില്ല.

ഐപിഎല്‍ മത്സരങ്ങളില്‍ അങ്ങനെയുള്ള നിമിഷങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്. ക്രിസ് ഗെയിലിനെ പോലെയുള്ള പവര്‍ ഹിറ്റര്‍മാര്‍ ഇങ്ങനെ പുറത്തായവരാണ്. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരായിരുന്നു ധോണിയുടെ ആയുധങ്ങള്‍. ഇന്ന് ഇമ്രാന്‍ താഹിര്‍, ഹര്‍ഭജന്‍ സിംഗ്, കേദാര്‍ ജാദവ്, സാന്റ്‌നര്‍ എന്നിവരാണ് ചെന്നൈയുടെ കറക്കി വീഴ്‌ത്തുകാര്‍.

2019 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ധോണിയുടെ ഇതേ തന്ത്രം കടമെടുത്തത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ സഹതാരവും ദക്ഷിണാഫ്രിക്കന്‍ ക്യാപ്‌റ്റനുമായ ഫാഫ് ഡു പ്ലെസിസാണ്.

ഇംഗ്ലണ്ടിനെതെരായ ആദ്യ മത്സരത്തിലെ ആദ്യ ഓവര്‍ എറിയാന്‍ ഡു പ്ലെസിസ് ക്ഷണിച്ചത് ഇമ്രാന്‍ താഹിറിനെ.
ആരാധകരെ അതിശയപ്പെടുത്തുകയും എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്നതുമായിരുന്നു പ്രോട്ടീസ് നായകന്റെ ഈ തീരുമാനം

ക്രീസില്‍ കൂറ്റനടിക്കാരനായ ജോണി ബെയര്‍സ്‌റ്റോയും മറുവശത്ത് ജേസണ്‍ റോയും. ഏത് ബോളിംഗിനെയും നിലം‌ പരിശാ‍ക്കുന്ന ബാറ്റ്സ്‌മാന്മാര്‍. റെക്കോര്‍ഡ് നേട്ടങ്ങളില്‍ നിലവിലെ നമ്പര്‍ വണ്‍ ഓപ്പണിംഗ് ജോഡികള്‍. ഇവര്‍ക്ക് മുന്നിലേക്കാണ് താഹിര്‍ എത്തുന്നത്.

40 വയസും രണ്ട് മാസവും മൂന്നു ദിവസവുമാണ് താഹിന്റെ പ്രായം. ബെയര്‍സ്‌റ്റോയ്‌ക്കാകട്ടെ 29 വയസിന്റെ തിളപ്പും. ആദ്യ പന്ത് അപകടമില്ലാതെ കടന്നു പോയെങ്കിലും രണ്ടാം പന്തിലൂടെ ക്രിക്കറ്റ് പ്രേമികളെയും ദക്ഷിണാഫ്രിക്കന്‍ ടീമിനെയും ഞെട്ടിച്ചു താഹിര്‍.

ഓഫ് സ്‌റ്റംബിന് നേര്‍ക്ക് പിച്ച് ചെയ്‌ത പന്ത് കുത്തി തിരിഞ്ഞതോടെ ബെയര്‍സ്‌‌റ്റോയുടെ പ്രതിരോധം പാളി. ബോള്‍ ഇംഗ്ലീഷ് താരത്തിന്റെ ബാറ്റിനെ സ്‌പര്‍ശിച്ച് വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കൈകളിലേക്ക്.

ഞെട്ടലോടെയാണ് ബെയര്‍‌സ്‌റ്റോ ആ പുറത്താകലിനെ കണ്ടത്. ആ സമയത്ത് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ ഒരു റണ്‍ മാത്രം. ബെയര്‍സ്‌റ്റോയുടേത് പൂജ്യം റണ്‍. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ പൂജ്യത്തിന് പുറത്താകേണ്ട ഗതികേടും അദ്ദേഹത്തിനുണ്ടായി.

ലോകകപ്പ് ചരിത്രത്തില്‍ ആദ്യ ഓവറില്‍ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ താരമായി താഹിര്‍. 1992ലെ ലോകകപ്പില്‍ ക്രെയ്ഗ് മക്‌ഡെര്‍മോറ്റിനെ ബൗള്‍ഡാക്കിയ ജോണ്‍ റൈറ്റാണ് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയ ആദ്യ താരം. അന്ന് ജോണ്‍ റൈറ്റിന്റെ ആദ്യ പന്ത് വൈഡ് ആയിരുന്നു. അടുത്ത പന്തില്‍ വിക്കറ്റ് വീണു.

അനുബന്ധ വാര്‍ത്തകള്‍

Next Article