‘നടക്കില്ലെന്നറിയാം, എന്നാലും ലക്ഷ്യം അഞ്ഞൂറോ അറുനൂറോ റണ്‍സ് തന്നെയാണ്’ - പാക് നായകൻ പറയുന്നു

വെള്ളി, 5 ജൂലൈ 2019 (09:59 IST)
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് പാകിസ്താന്‍. ബംഗ്ലാദേശാണ് എതിരാളികൾ. ഈ മത്സരത്തിൽ ജയിച്ചാൽ പാകിസ്ഥാന് സെമിയിലേക്കുള്ള നറുക്ക് വീഴും. റൺ‌റേറ്റിന്റെ കണക്കെടുത്ത് കൂട്ടിയും ഗുണിച്ചും നോക്കിയശേഷം ന്യൂസിലൻഡോ പാകിസ്ഥാനോ, ആര് സെമിയിൽ കയറുമെന്ന് ഉറപ്പിക്കാം. നിലവിൽ ന്യൂസിലൻഡ് സ്ഥാനമുറപ്പിച്ച് കഴിഞ്ഞു. 
 
ബംഗ്ലാദേശിനെ തോൽപ്പിച്ചാൽ പാകിസ്ഥാന് ചെറുതായിട്ടെങ്കിലും ശ്വാസം വിടാം. പക്ഷേ, ബംഗ്ലാദേശിനെ തോൽപ്പിക്കണം. അവിടെയാണ് പ്രശ്നം. സെമിയിലെത്തുക എന്നത് അസാധ്യമായ കാര്യമാണ് പാകിസ്ഥാൻ നായകൻ സർഫറാസ് തന്നെ തുറന്നു പറഞ്ഞു കഴിഞ്ഞു.  
 
ബംഗ്ലാദേശിനെതിരേ ആദ്യം ബാറ്റ് ചെയ്യാൻ സാധിച്ചാൽ ആദ്യ കടമ്പ കടന്നു. എന്നാൽ, അവിടെയും അവസാനിച്ചില്ല. ആദ്യം ബാറ്റ് ചെയ്യുകയും 500, 600 റൺസെങ്കിലും അടിച്ചെടുക്കുകയും വേണം. പോരാത്തതിനു രണ്ടാമത് ബാറ്റിംഗിനിറങ്ങുന്ന ബംഗ്ലാദേശിനെതിരെ 316 റണ്‍സിനെങ്കിലും പാകിസ്താന്‍ വിജയിക്കണം.
 
' ഇത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. 316 റണ്‍സിന് വിജയിക്കുക എന്നത് വലിയ വിജയ ലക്ഷ്യമാണ്. ഒന്നും സംഭവിക്കില്ല എന്നറിയാം. എന്നിരുന്നാലും മികച്ച രീതിയില്‍ ടൂര്‍ണമെന്റ് അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം. അതുകൊണ്ടുതന്നെ വെള്ളിയാഴ്ച്ച നടക്കുന്ന മത്സരത്തിൽ ഞങ്ങളുടെ ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കും.’ - സർഫറാസ് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍