പന്തും മായങ്കും ഇംഗ്ലണ്ടിലെത്തി, ഇനി നിന്നിട്ട് കാര്യമില്ല; നിരാശയോടെ റായുഡു വിരമിച്ചു

ബുധന്‍, 3 ജൂലൈ 2019 (14:17 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം അംബാട്ടി റായുഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച താരം ഐപിഎൽ ഉൾപ്പെടെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു.

വിദേശ ടി20 ലീഗുകളില്‍ മാത്രമെ ഇനി കളിക്കൂ എന്ന് മുപ്പത്തിമൂന്നുകാരനായ റായുഡു പറഞ്ഞു. ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ സ്റ്റാന്‍ഡ് ബൈ താരമായി തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും വിജയ് ശങ്കറിന് പരുക്കേറ്റപ്പോള്‍ റായുഡുവിന് പകരം മായങ്ക് അഗര്‍വാളിനെയാണ് ലോകകപ്പ് ടീമിലേക്ക് സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം.

ലോകകപ്പ് ടീമിലെ നാലാം നമ്പറില്‍ ഇന്ത്യ കണ്ടുവെച്ചത് റായുഡുവിനെ ആയിരുന്നു. ഇക്കാര്യം വിരാട് കോഹ്‌ലി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലോകകപ്പിന് തൊട്ടു മുമ്പ് നടന്ന പരമ്പരകളില്‍ റായുഡുവിന് നാലാം നമ്പറില്‍ തിളങ്ങായാനില്ല, ഇതോടെ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ റായുഡുവിന് പകരം ലോകകപ്പ് ടീമിലെത്തി.

2013ല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച റായുഡു ഇന്ത്യയ്ക്ക് വേണ്ടി 55 ഏകദിനങ്ങളും ആറു ട്വിന്റി-20യും കളിച്ചു. 55 ഏകദിനങ്ങളില്‍ നിന്ന് 47.05 ശരാശരിയില്‍ 1694 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് സെഞ്ചുറികളും 10 അര്‍ധ സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. ആറു ട്വിന്റി-20യില്‍ നിന്ന് 42 റണ്‍സാണ് സമ്പാദ്യം. അതേസമയം ഇതുവരെ ഇന്ത്യക്കായി ടെസ്റ്റ് കളിക്കാന്‍ റായുഡുവിന് അവസരം ലഭിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍