ഇന്ത്യ-വിന്‍ഡീസ് പരമ്പരയിലെ മൂന്നാം ഏകദിന മത്സരത്തില്‍ യുവ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ടീം ഇന്ത്യയുടെ ജേഴ്‌സി അണിഞ്ഞേക്കുമെന്ന് സൂചന. മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യത്തെ കുറിച്ചുള്ള സൂചന നല്‍കിയത്. മങ്ങിയ ഫോം തുടരുന്ന യുവരാജിനോ, കേദറിനോ പകരമായിട്ടായിരിക്കും പന്ത് ടീമിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്.
ടീമിലുളള എല്ലാവരെയും കളിപ്പിക്കണമെന്ന് തന്നെയാണ് തീരുമാനമെന്നും അതിനുളള സാധ്യതകള്‍ ആരായുകയാണെന്നും കോഹ്ലി അറിയിച്ചു. വിന്‍ഡീസിനെതിരെ ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും അജിന്‍ക്യ രഹാനയും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. രോഹിത്തിന് പകരം ഇന്ത്യന്‍ ടീമിന്റെ ഓപ്പണറായ രഹാന ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും രണ്ടാം മത്സരത്തില്‍ സെഞ്ച്വറിയും നേടിയിരുന്നു.
ഫോമിന്റെ കാര്യത്തില്‍ കോഹ്ലിയും ഒട്ടും മോശമല്ല. എന്നാല്‍ ചാമ്പ്യന്‍സ് ലീഗിന് പിന്നാലെ വിന്‍ഡീസ് പര്യടനത്തിലും നിറം മങ്ങിയ പ്രകടനമാണ് പുറത്തെടുക്കുന്നത്. വിന്‍ഡീസിനെതിരെ രണ്ട് മത്സരത്തിലും യുവരാജ് പരാജയപ്പെട്ടു. 14, 4 എന്നിങ്ങനെയാണ് യുവിയുടെ സംഭാവന. ധോണിയ്ക്കും കേദറിന് കാര്യമായ പ്രകടനം ഇതുവരെ കാഴ്ച്ചവെക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ വിക്കറ്റിന് പിന്നില്‍ ധോണിയുടെ മിന്നുന്ന പ്രകടനമാണുള്ളത്.
അതെസമയം പന്ത് ടീമില്‍ ഉള്‍പ്പെട്ടാലും അദ്ദേഹത്തിന് ഓപ്പണിംഗ് സ്ഥാനം ലഭിക്കില്ല. ഈ പരമ്പരയിലെ അഞ്ച് മത്സരത്തിലും രഹാനയായിരിക്കും ഓപ്പണറെന്ന് കോഹ്ലി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. നിലവിലെ സാഹചര്യമനുസരിച്ച് ശിഖര്‍ ധവാനെയും മാറ്റിനിര്‍ത്തുക എന്നത് അസാധ്യമാണ്. ഇതോടെ ഫോമിലല്ലാത്ത മധ്യനിരയിലായിരിക്കും ഋഷഭിന്റെ സ്ഥാനമെന്നാണ് പ്രതീക്ഷിക്കുന്നത്.