ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഗുജറാത്ത്‌ ലയണ്‍സ് മത്സരം ഇന്ന്

Webdunia
വെള്ളി, 27 മെയ് 2016 (09:22 IST)
ഐപിഎല്‍ ഒന്‍പതാമത്‌ സീസണിലെ രണ്ടാം ക്വാളിഫയര്‍ മത്സരം ഇന്നു നടക്കും. രണ്ടുവട്ടം ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ തോല്‍പിച്ചെത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദും വിരാട്‌ കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ഹൈദരാബാദിനോട്‌ തോറ്റു വരുന്ന നവാഗത ടീം ഗുജറാത്ത്‌ ലയണ്‍സും തമ്മിലാണ്‌ മത്സരം.
 
ടൂർണമെന്റിൽ അവശേഷിച്ചിട്ടുള്ള ഈ മൂന്നു ടീമുകൾക്കും ഐപിഎൽ കിരീടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ഗുജറാത്ത് ടീമാകട്ടെ ഈ സീസണിലാണ് തുടങ്ങിയതും. എലിമിനേറ്റർ മൽസരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 22 റൺസിനു തോൽപ്പിച്ചതോടെയാണ് ഹൈദരാബാദ് സൺറൈസേഴ്സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്. 
 
ആദ്യ ക്വാളിഫയറിൽ ബാംഗ്ലൂരിനോടു തോറ്റതോടെ രണ്ടാം ക്വാളിഫയറിനിറങ്ങുന്ന ഗുജറാത്തിന്റെ മുമ്പിലേക്കു വിജയപ്രതീക്ഷയോടെയാണ് ഹൈദരാബാദിന്റെ വരവ്. ഗുജറാത്തിന്റെ ഗംഭീര ബാറ്റിങ് നിരയും ഹൈദരാബാദിന്റെ പേസ് ബോളർമാരും തമ്മിലുള്ള പോരാട്ടമാകും ഇന്നത്തെ മൽസരം. മികച്ച ബാറ്റിങ് നിരയാണ് ഗുജറാത്തിന്റെ കൈമുതൽ. കന്നി ഐപിഎൽ പോരാട്ടത്തിൽതന്നെ കിരീടം നേടുകയെന്ന മനോഹരമായ നേട്ടത്തിനരികെയാണു നിൽക്കുന്നതെന്ന തിരിച്ചറിവും ഗുജറാത്ത് സിംഹങ്ങൾക്കു വീര്യം നൽകും.
 
ബാറ്റിങ്‌ നിരയില്‍ മുന്‍നിര താരങ്ങളായ ബ്രണ്ടന്‍ മക്കല്ലവും ആരോണ്‍ ഫിഞ്ചും സ്‌ഥിരത പുലര്‍ത്താത്തതാണ്‌ ലയണ്‍സിനെ വലയ്‌ക്കുന്നത്‌. നായകന്‍ സുരേഷ്‌ റെയ്‌നയ്‌ക്കും മികച്ച തുടക്കം വന്‍ സ്‌കോറാക്കി മാറ്റാന്‍ കഴിയുന്നില്ല. കഴിഞ്ഞ ഏതാനും മത്സരങ്ങളില്‍ വെസ്‌റ്റിന്‍ഡീസ്‌ താരം ഡെ്വയ്‌ന്‍ സ്‌മിത്തിന്റെ പ്രകടനം മാത്രമാണ്‌ അവര്‍ക്കു തുണയായത്. 
 
ഹൈദരാബാദിനു ക്യാപ്റ്റൻ വാർണർ തന്നെയാണ് പ്രധാനി. ശിഖർ ധവാൻ, യുവരാജ് സിങ്, ദീപക് ഹൂഡ, ഹെൻറിക്വെസ്, മോർഗൻ എന്നിവരിലൊക്കെയും പ്രതീക്ഷ വയ്ക്കാം. ആശിഷ് നെഹ്റ പരുക്കുമൂലം പുറത്തുപോയിട്ടും ബോളിങ് വിഭാഗം തളർന്നിട്ടില്ലെന്നത് അവർക്ക് പ്രതീക്ഷയേകുന്ന ഘടകമാണ്. മുസ്തഫിസുർ– ഭുവനേശ്വർ– ബരിന്ദർ സ്രാൻ ത്രയത്തിന്റെ ബോളിങ്ങിൽ വലിയ പ്രതീക്ഷയും ഹൈദരാബാദിനുണ്ട്. എലിമിനേറ്റർ പോരിൽ അത്ര വലിയ സ്കോർ നേടാതിരുന്നിട്ടും കൊൽക്കത്തയെ റണ്ണെടുക്കാതെ നിയന്ത്രിച്ച ബോളർമാരുടെ മികവിലാണ് ഹൈദരാബാദ് ജയിച്ചുകയറിയത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article