Yuzvendra Chahal and Dhanashree Verma: ജീവിതപങ്കാളി ധനശ്രീ വര്‍മയുമായി വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി ഇന്ത്യന്‍ ക്രിക്കറ്റര്‍ യുസ്വേന്ദ്ര ചഹല്‍. ഇരുവരുടെയും ഡിവോഴ്‌സ് ഉടന്‍ ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ അടക്കം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗ്രീക്ക് ഫിലോസഫറായ സോക്രട്ടീസിന്റെ ' നിശബ്ദത അഗാധമായ ഒരു ഈണമാണ്, എല്ലാ ശബ്ദങ്ങള്‍ക്കും മേലെ അത് കേള്‍ക്കാം.' എന്ന വരികളാണ് ചഹല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഇട്ടിരിക്കുന്നത്. അതേസമയം ഡിവോഴ്‌സിന്റെ കാര്യത്തില്‍ ഇരുവരും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തതോടെയാണ് ഡിവോഴ്‌സ് ഗോസിപ്പുകള്‍ പ്രചരിച്ചു തുടങ്ങിയത്. ധനശ്രീയുടെ ചിത്രങ്ങള്‍ ചഹല്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. 2020 ലാണ് ഇരുവരും വിവാഹിതരായത്. ഡാന്‍സ് കൊറിയോഗ്രഫറാണ് ധനശ്രീ. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് നൃത്തം പഠിക്കാനായി ധനശ്രീയുടെ ഡാന്‍സ് സ്‌കൂളില്‍ എത്തിയതാണ് ചഹല്‍. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തു.
ഇന്ത്യക്കായി 80 ട്വന്റി 20 മത്സരങ്ങള്‍ ചഹല്‍ കളിച്ചിട്ടുണ്ട്. 96 വിക്കറ്റുകളാണ് താരം ഇതുവരെ രാജ്യാന്തര ടി20 കരിയറില്‍ സ്വന്തമാക്കിയിരിക്കുന്നത്.