ഐപിഎല്‍ മത്സരത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു താരം യാഷ് ദയാലിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് ജയ്പൂര്‍ പോലീസ്. കഴിഞ്ഞ ഐപിഎല്ലിനിടെ ജയ്പൂരില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. നേരത്തെ ഗാസിയബാദില്‍ നിന്നുള്ള യുവതി തന്നെ യാഷ് ദയാല്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി നല്‍കിയിരുന്നു.
യാഷ് ദയാലിനെതിരായ ആദ്യ പരാതിയെ സംബന്ധിച്ച വാര്‍ത്തകള്‍ കെട്ടടങ്ങും മുന്‍പാണ് പുതിയ പരാതിയുമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി രംഗത്ത് വന്നിരിക്കുന്നത്. ഗാസിയാബാദ് പീഡനക്കേസില്‍ യാഷ് ദയാലിനെ കസ്റ്റഡിയിലെടുക്കുന്നത് അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ പോക്‌സോ കേസില്‍ യാഷ് ദയാലിനെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. 17കാരിയായ പെണ്‍കുട്ടിക്ക് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ വളരാനുള്ള അവസരമൊരുക്കാമെന്ന് വാഗ്ദാനം ചെയ്താണ് യാഷ് ദയാല്‍ 2 വര്‍ഷത്തോളമായി പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നു.കഴിഞ്ഞ ഐപിഎല്‍ സീസണിനിടെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനായി ജയ്പൂരില്‍ എത്തിയപ്പോള്‍ സീതാപുരയിലെ ഹോട്ടല്‍ റൂമിലേക്ക് വിളിച്ചുവരുത്തി യാഷ് ദയാല്‍ പീഡിപ്പിച്ചെന്ന ഗുരുതരമായ ആരോപണമാണ് പെണ്‍കുട്ടി ഉന്നയിക്കുന്നത്.
യാഷ് ദയാല്‍ വര്‍ഷങ്ങളായി തുടരുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങളും ബ്ലാക്ക് മെയിലിങ്ങും സഹിക്കാനാവാതെയാണ് പരാതി നല്‍കുന്നതെന്നും ഈ മാസം 23ന് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആദ്യമായി പീഡനത്തിനിരയാകുമ്പോള്‍ പെണ്‍കുട്ടിക്ക് 17 വയസ് മാത്രമാണ് ഉണ്ടായിരുന്നത് എന്ന കാരണത്താലാണ് യാഷ് ദയാലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ സീസണില്‍ ആര്‍സിബിയുടെ കന്നി ഐപിഎല്‍ കിരീടനേട്ടത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ച താരമാണ് യാഷ് ദയാല്‍.