Nayanthara Vignesh Sivan: പോക്സോ കേസ് പ്രതിക്കൊപ്പം വർക്ക് ചെയ്യാൻ നയൻതാരയ്ക്ക് എങ്ങനെ കഴിയുന്നു?; വിമർശനം

നിഹാരിക കെ.എസ്

വെള്ളി, 4 ജൂലൈ 2025 (09:18 IST)
സംവിധായകൻ വിഘ്‌നേശ് ശിവനും നടി നയൻതാരയ്ക്കുമെതിരേ സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. പോക്സോ കേസിൽ ലൈംഗികാതിക്രമം ആരോപിക്കപ്പെട്ട കൊറിയോഗ്രാഫർ ജാനി മാസ്റ്ററുടെ ചേർന്ന് പ്രവർത്തിച്ചതിനാണ് നയന്താരയ്ക്കും വിഘ്നേഷ് ശിവനും നേരെ കടുത്ത സൈബർ ആക്രമണം നടക്കുന്നത്. 
 
തന്റെ പുതിയ ചിത്രമായ 'ലവ് ഇൻഷുറൻസ് കമ്പനി'ക്കു വേണ്ടി ജാനി മാസ്റ്ററുമായി സഹകരിച്ചതിനെയാണ് ആളുകൾ വിമർശിക്കുന്നത്. തിങ്കളാഴ്ച ജാനി മാസ്റ്റർ വിഘ്നേശിനൊപ്പമുള്ള ചിത്രം സാമൂ​ഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് സംവിധായകനോടൊപ്പമുള്ള ഒരു ഫോട്ടോയായിരുന്നു അദ്ദേഹം പങ്കുവെച്ചത്. 
 
തനിക്ക് നൽകുന്ന കരുതലിനും ബഹുമാനത്തിനും വിശ്വാസത്തിനും ഒപ്പം പ്രവർത്തിക്കുന്നത് എപ്പോഴും സന്തോഷമാണെന്നും ജാനി കുറിച്ചു. ഇതാണ് വിവാദങ്ങൾക്ക് കാരണമായത്. വിഷയവുമായി ബന്ധപ്പെട്ട് ​ഗായിക ചിന്മയി അടക്കമുള്ളവർ വിഘ്നേശിനെതിരേ രം​ഗത്തെത്തി. ‘പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലാണ് ജാനി. കുറ്റവാളികളെ നമ്മൾ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് അവർക്ക് ആ അധികാരത്തിൽ തുടരാനും അതുവഴി കൂടുതൽ സ്ത്രീകളെ ഉപദ്രവിക്കാൻ‍ കാരണമാകുമെന്നും ചിന്മയി എക്‌സിൽ കുറിച്ചു.  
 
അതേസമയം, 2024 സെപ്റ്റംബറിലാണ് സഹപ്രവര്‍ത്തക ജാനി മാസ്റ്റര്‍ക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചത്. അസിസ്റ്റന്റ ഡാന്‍സ് കോറിയോഗ്രാഫറായ 21-കാരിയെ ചെന്നൈ, മുംബൈ, ഹൈദരാബാദ് മുതലായ സ്ഥലങ്ങളില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ജാനി മാസ്റ്ററുടെ നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ഥിയായിരുന്നു യുവതി. പ്രായപൂര്‍ത്തിയാകുന്നതിന് മുൻപായിരുന്നു സംഭവമെന്നും പെൺകുട്ടി ആരോപിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍