കേസും പരാതിയും ഇല്ലാത്ത ആരോപണങ്ങളില്‍ രാജി വേണ്ട; അത്തരം കീഴ്‌വഴക്കം കേരളത്തില്‍ ഇല്ലെന്ന് സണ്ണി ജോസഫ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 25 ഓഗസ്റ്റ് 2025 (16:20 IST)
കേസും പരാതിയും ഇല്ലാത്ത ആരോപണങ്ങളില്‍ രാജി വേണ്ടെന്നും അത്തരം കീഴ്‌വഴക്കം കേരളത്തില്‍ ഇല്ലെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഒരു പാര്‍ട്ടിക്കും അത്തരത്തിലുള്ള ഒരു ആവശ്യം ഉന്നയിക്കാനുള്ള ധാര്‍മികതയും ഇല്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഗുരുതരമായ കേസുകളും എഫ്‌ഐആറും ഉണ്ടായിട്ടും ജനപ്രതിനിധിയുടെ സ്ഥാനം രാജിവയ്ക്കാത്ത നിരവധി സംഭവങ്ങള്‍ മുന്നിലുണ്ടെന്ന് അദ്ദേഹം പറയുഞ്ഞു.
 
വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ പരാതികള്‍ക്കും കേസുകള്‍ക്കും കാത്തുനില്‍ക്കാതെ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷപദവി രാജിവച്ച് മാതൃക കാണിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കോ നിയമപരമായോ ഒരു പരാതിയും എവിടെയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ രാഹുല്‍ എംഎല്‍എ പദം രാജിവയ്ക്കണമെന്ന ആവശ്യം യുക്തിക്ക് നിരക്കാത്തതാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ ഡല്‍ഹിയിലും പെണ്‍കുട്ടികളെ ശല്യം ചെയ്തിരുന്നുവെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ നേതാവ് ആനി രാജ.
 
ഡല്‍ഹിയിലെ പഠനകാലത്ത് രാഹുലിനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നുവെന്നും ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ക്ക് സമാനമായ രീതിയില്‍ പല പെണ്‍കുട്ടികളെയും ഇയാള്‍ സമീപിച്ചിരുന്നുവെന്നും അവരൊക്കെ യഥാസമയം തക്ക മറുപടി കൊടുത്തു രാഹുലിനെ മടക്കി എന്നും ആനി രാജ പറഞ്ഞു. കോണ്‍ഗ്രസ് രാഹുലിന്റെ രാജി ആവശ്യപ്പെടണമെന്നും ഇത്തരം ആളുകള്‍ക്കെതിരെ ഏതു പാര്‍ട്ടിയാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കണമെന്നും എംഎല്‍എ സ്ഥാനത്ത് തുടരാന്‍ രാഹുലിന് ധാര്‍മികമായ അര്‍ഹത ഇല്ലെന്നും ആനിരാജ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍