യാഷ് ദയാലിനെതിരായ ലൈംഗികാതിക്രമ കേസ്, യുവതിയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു

അഭിറാം മനോഹർ

ചൊവ്വ, 8 ജൂലൈ 2025 (13:19 IST)
വിവാഹവാഗ്ദാനം നല്‍കി ചൂഷണം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ ഐപിഎല്‍ താരമായ യാഷ് ദയാലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. ഭാരതീയ ന്യായ സംഹിതയിലെ 69മത്തെ വകുപ്പ് പ്രകാരമുള്ള കുറ്റമാണ് താരത്തിനെതിരെ ചുമത്തിയത്. ഗാസിയാബാദ് സ്വദേശിനിയായ യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് ഇന്ദിരാപുരം പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
 
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓണ്‍ലൈന്‍ പരാതിപരിഹാര പോര്‍ട്ടലിലാണ് യുവതി പരാതി നല്‍കിയത്. യാഷ് ദയാലുമായി അഞ്ച് വര്‍ഷത്തെ അടുപ്പമുണ്ടെന്നും വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പലപ്പോഴായി പണം വാങ്ങിയെന്നും ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും യുവതി ആരോപിക്കുന്നു. ഇത്തരത്തില്‍ നിരവധി യുവതികളെ യാഷ് ദയാല്‍ കബളിപ്പിച്ചെന്നും യുവതി പറയുന്നു. തെളിവായി ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍, വീഡിയോ കോള്‍ രേഖകള്‍, ചിത്രങ്ങള്‍ എന്നിവ കൈവശമുണ്ടെന്നും പരാതിയില്‍ യുവതി പറയുന്നു.
 
മരുമകളെന്ന് പറഞ്ഞാണ് കുടുംബം പരിചയപ്പെടുത്തിയത്. ഭര്‍ത്താവിനെ പോലെയുള്ള പെരുമാറ്റമായിരുന്നു യാഷിന്റേത്. കബളിപ്പിക്കുകയാണെന്ന് മനസിലാക്കി പ്രതികരിച്ചപ്പോള്‍ യാഷ് ദയാല്‍ മര്‍ദ്ദിച്ചെന്നും പരാതിയിലുണ്ട്. പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗാസിയാബാദിലെ ഇന്ദിരാപുരം പോലീസിനോട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍