ലോകകപ്പ് ന്യൂസിലന്‍ഡിനോ? ചരിത്രം ഇങ്ങനെയാണ്, നെഞ്ചിടിപ്പോടെ ആരാധകര്‍

വെള്ളി, 6 ഒക്‌ടോബര്‍ 2023 (08:25 IST)
ഇത്തവണ ഏകദിന ലോകകപ്പ് ന്യൂസിലന്‍ഡ് നേടിയേക്കുമെന്ന് സോഷ്യല്‍ മീഡിയ. ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്ത കിവീസ് ബൗളിങ്ങിലും ബാറ്റിങ്ങിലും മികച്ച ഫോമിലാണ്. മികച്ച രീതിയില്‍ കളിക്കുന്നു എന്നത് മാത്രമല്ല ന്യൂസിലന്‍ഡിന്റെ കിരീട സാധ്യത വര്‍ധിപ്പിക്കുന്നത്. 2007 ലെ ലോകകപ്പ് മുതല്‍ തുടങ്ങിയ ഒരു ഭാഗ്യത്തിന്റെ കഥയാണ് കിവീസിന് ലോകകപ്പ് കിട്ടുമെന്ന് ആരാധകര്‍ പറയാന്‍ കാരണം. അത് എന്താണെന്ന് നോക്കാം..
 
2007 ലോകകപ്പ് മുതല്‍ പിന്നീട് നടന്ന ലോകകപ്പുകളിലെല്ലാം ടൂര്‍ണമെന്റില്‍ ആദ്യ സെഞ്ചുറി നേടുന്ന താരത്തിന്റെ ടീം ലോകകപ്പ് നേടിയിട്ടുണ്ട്. 2007 ലെ ലോകകപ്പില്‍ ആദ്യ സെഞ്ചുറി നേടിയത് ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ് ആണ്. അത്തവണ ലോകകപ്പില്‍ മുത്തമിട്ടത് ഓസ്‌ട്രേലിയ ആണ്. 
 
2011 ലോകകപ്പില്‍ ആദ്യ സെഞ്ചുറി നേടിയത് ഇന്ത്യയുടെ വിരേന്ദര്‍ സെവാഗാണ്. ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം ചൂടുകയും ചെയ്തു. 2015 ല്‍ ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് ടൂര്‍ണമെന്റിലെ ആദ്യ സെഞ്ചുറി നേടി, കപ്പ് ഓസ്‌ട്രേലിയയ്ക്ക് തന്നെ. 2019 ലോകകപ്പിലെ ആദ്യ സെഞ്ചുറി ഇംഗ്ലണ്ട് താരം ജോ റൂട്ട് വക, ഫൈനലില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ലോകകപ്പ് സ്വന്തമാക്കി. 
 
2023 ലോകകപ്പിലേക്ക് എത്തുമ്പോള്‍ ഉദ്ഘാടന മത്സരത്തില്‍ തന്നെ രണ്ട് സെഞ്ചുറികള്‍ പിറന്നു. ന്യൂസിലന്‍ഡ് ഓപ്പണര്‍ ഡെവോന്‍ കോണ്‍വേയും ന്യൂസിലന്‍ഡ് ടീമിലെ ഇന്ത്യന്‍ വംശജന്‍ രചിന്‍ രവീന്ദ്രയുമാണ് സെഞ്ചുറി നേടിയത്. ലോകകപ്പിലെ ആദ്യ സെഞ്ചുറി കോണ്‍വേയുടെ പേരിലും. അതുകൊണ്ട് ഇത്തവണ ന്യൂസിലന്‍ഡ് കപ്പടിക്കുമെന്നാണ് ആരാധകര്‍ പ്രവചിക്കുന്നത്. കോണ്‍വേ 121 പന്തില്‍ നിന്ന് 19 ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 152 റണ്‍സ് നേടി. രചിന്‍ രവീന്ദ്ര 96 പന്തില്‍ 11 ഫോറും അഞ്ച് സിക്‌സും സഹിതം 123 റണ്‍സുമായി പുറത്താകാതെ നിന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍