Cricket worldcup 2023: ഗംഭീറിനും യുവരാജിനും വീരുവിനും പോലും അത് സാധിച്ചില്ല, തന്റെ ഭാഗ്യത്തെ പറ്റി പറഞ്ഞ് രോഹിത്

വ്യാഴം, 5 ഒക്‌ടോബര്‍ 2023 (21:26 IST)
ഇന്ത്യയുടെ ക്യാപ്റ്റന്‍സി സ്ഥാനം ലഭിക്കാന്‍ വൈകിയതിനെ പറ്റിയുള്ള ചോദ്യത്തിന് മറുപടി നല്‍കി രോഹിത് ശര്‍മ. കരിയറിന്റെ പീക്കില്‍ തന്നെ എല്ലാവര്‍ക്കും ക്യാപ്റ്റന്‍സി ലഭിക്കണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം വൈകിയതില്‍ തനിക്ക് നിരാശയില്ലെന്നും രോഹിത് ശര്‍മ പറഞ്ഞു. ഒരുപാട് വലിയ താരങ്ങള്‍ക്ക് ലഭിക്കാത്ത അവസരമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും രോഹിത് പറഞ്ഞു.
 
തീര്‍ച്ചയായും 26-27 വയസ്സില്‍ തന്നെ ക്യാപ്റ്റന്‍സി ലഭിക്കാനാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ എല്ലായ്‌പ്പോഴും ആഗ്രഹിച്ചത് പോലെ നടക്കുകയില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍സിയെ പറ്റിയാണ് നമ്മള്‍ സംസാരിക്കുന്നത്. നമുക്ക് ക്യാപ്റ്റനാകാന്‍ അര്‍ഹതയുണ്ടായിരുന്ന ഒരുപാട് താരങ്ങള്‍ ഉണ്ടായിരുന്നു. എന്റെ ഊഴത്തിനായി എനിക്ക് കാത്തിരിക്കേണ്ടി വന്നു എന്നത് ന്യായമായ കാര്യമാണ്. എനിക്ക് മുന്‍പ് കോലിയും ധോനിയുമായിരുന്നു.
 
ഗംഭീര്‍, സെവാഗ്,യുവരാജ് എന്നീ താരങ്ങളെല്ലാം ക്യാപ്റ്റന്‍സി എന്ന അവസരം ലഭിക്കാത്ത താരങ്ങളായിരുന്നു എന്നത് നമ്മള്‍ മറക്കരുത്. യുവരാജ് ഇന്ത്യയുടെ മാച്ച് വിന്നറായിരുന്നു. ടീമിലെ സീനിയര്‍ താരമായിരുന്നു. എന്നിട്ടും ക്യാപ്റ്റന്‍സി യുവരാജിന് ലഭിച്ചില്ല. എല്ലാ അര്‍ഹതയും യുവരാജിന് ഉണ്ടായിരുന്നു. കാര്യങ്ങള്‍ അങ്ങനെയാണ്. പിന്നെ ക്യാപ്റ്റന്‍സിയുടെ എബിസിഡി അറിയുന്നതിന് മുന്‍പെ അത് ലഭിക്കന്നതിലും നല്ലത് അതിനെ പറ്റി ധാരണയുള്ളപ്പോള്‍ ലഭിക്കുന്നതാണ്. രോഹിത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍