Rohit Sharma: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനു സിഡ്‌നിയില്‍ തുടക്കമായിരിക്കുകയാണ്. ജസ്പ്രിത് ബുംറയാണ് സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. നായകന്‍ രോഹിത് ശര്‍മ പ്ലേയിങ് ഇലവനില്‍ ഇല്ല. ടീമിന്റെ നല്ലതിനു വേണ്ടി രോഹിത് തന്നെയാണ് സ്വയം പിന്മാറിയതെന്നും അത് ടീമിന്റെ കൂട്ടായ്മയാണ് സൂചിപ്പിക്കുന്നതെന്നും ബുംറ പറഞ്ഞു.
' ഈ മത്സരത്തില്‍ വിശ്രമിക്കാന്‍ രോഹിത് സ്വയം തീരുമാനിച്ചിരിക്കുകയാണ്. തീര്‍ച്ചയായും ഞങ്ങളുടെ നായകന്‍ (രോഹിത്) തന്റെ നേതൃമികവ് കൂടിയാണ് കാണിച്ചിരിക്കുന്നത്. ടീമിന്റെ കൂട്ടായ്മയാണ് അദ്ദേഹത്തിന്റെ തീരുമാനത്തില്‍ നിന്ന് പ്രകടമാകുന്നത്. ആര്‍ക്കും സ്വാര്‍ത്ഥതയില്ല. ടീമിന്റെ നല്ലതിനു വേണ്ടിയുള്ള കാര്യങ്ങള്‍ എന്താണോ അത് ഞങ്ങള്‍ ചെയ്യാന്‍ നോക്കുന്നു,' ടോസ് വേളയില്‍ ബുംറ പ്രതികരിച്ചു.
രോഹിത്തിനു പകരം ശുഭ്മാന്‍ ഗില്‍ ആണ് സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യക്കായി കളിക്കുന്നത്. യശസ്വി ജയ്‌സ്വാളിനൊപ്പം കെ.എല്‍.രാഹുല്‍ ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു. ആകാശ് ദീപിനു പകരം പ്രസിത് കൃഷ്ണയാണ് പ്ലേയിങ് ഇലവനില്‍ ഉള്ളത്. പരുക്കിനെ തുടര്‍ന്നാണ് ആകാശ് ദീപ് കളിക്കാത്തത്.