വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സര്‍ഫ്രാസ് ഖാനെ ഉള്‍പ്പെടുത്താത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും സര്‍ഫ്രാസ് ഖാനെ തഴയുന്നത് എന്തുകൊണ്ടാണെന്ന് ഇന്ത്യന്‍ ആരാധകര്‍ ചോദിക്കുന്നു. അതിനിടയിലാണ് ബിസിസിഐ അധികൃതരില്‍ ഒരാള്‍ തന്നെ സര്‍ഫ്രാസിനെ ഒഴിവാക്കിയതിന്റെ കാരണം വെളിപ്പെടുത്തിയത്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബിസിസിഐ ഉന്നതനാണ് സര്‍ഫ്രാസിനെ ഒഴിവാക്കിയതിനെ കുറിച്ച് പിടിഐയോട് വെളിപ്പെടുത്തിയത്.
ഫിറ്റ്‌നെസ് പ്രശ്‌നങ്ങളും പെരുമാറ്റ ദൂഷ്യവും കാരണമാണ് സര്‍ഫ്രാസിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് ബിസിസിഐ ഉന്നതന്‍ പറഞ്ഞു. ' കളിക്കളത്തില്‍ ദേഷ്യം വരുന്നതൊക്കെ സ്വാഭാവികമാണ്. എന്നാല്‍ സര്‍ഫ്രാസിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനു വേറെ ചില കാരണങ്ങളുണ്ട്. സെലക്ടര്‍മാര്‍ മണ്ടന്‍മാരല്ല. സീസണില്‍ 900 റണ്‍സ് സര്‍ഫ്രാസ് നേടിയിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ഫിറ്റ്‌നെസ് അത്ര മികച്ചതല്ല. ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ സര്‍ഫ്രാസ് ഇനിയും പരിശ്രമിക്കേണ്ടതുണ്ട്,'
' മാത്രമല്ല അദ്ദേഹത്തിനു അച്ചടക്കത്തിന്റെ പ്രശ്‌നവുമുണ്ട്. നിര്‍ണായക നേട്ടങ്ങള്‍ സ്വന്തമാക്കിയ ശേഷമുള്ള സര്‍ഫ്രാസിന്റെ ആഹ്ലാദപ്രകടനങ്ങള്‍ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മയേയും മറ്റ് സെലക്ടര്‍മാരെയും തൃപ്തിപ്പെടുത്തുന്നതല്ല. അച്ചടക്കത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിനു ചില പോരായ്മകള്‍ ഉണ്ട്. അത് പരിഹരിക്കാതെ സര്‍ഫ്രാസിന് ടീമില്‍ സ്ഥാനം ലഭിക്കില്ല,' ബിസിസിഐ ഉന്നതന്‍ പറഞ്ഞു.