രോഹിത് ശർമ ഒഴിഞ്ഞാൽ ടെസ്റ്റ് ക്യാപ്റ്റനാകേണ്ടത് ആ രണ്ട് യുവതാരങ്ങൾ, സുനിൽ ഗവാസ്കർ

ഞായര്‍, 25 ജൂണ്‍ 2023 (10:00 IST)
ലോകചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടതിന് പിന്നാലെ പുതിയ ടെസ്റ്റ് ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ടീം ഇന്ത്യ. ടി20യിലും ഏകദിനത്തിലും ഒരുപിടി യുവതാരങ്ങളെ വളര്‍ത്തികൊണ്ടുവരാന്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റ് ഇപ്പോഴും സീനിയര്‍ താരങ്ങള്‍ക്ക് ചുറ്റുമാണ് വലം വെയ്ക്കുന്നത്. അതിനാല്‍ തന്നെ വരുന്ന ടെസ്റ്റ് പരമ്പരകളില്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് ടീം മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നത്.
 
ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെങ്കില്‍ ആരായിരിക്കണം ഇന്ത്യയെ നയിക്കേണ്ടത് എന്ന ചോദ്യത്തിന് ഉത്തരവുമായി വന്നിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ ബാറ്ററായ സുനില്‍ ഗവാസ്‌കര്‍. രോഹിത് ക്യാപ്റ്റന്‍സി ഒഴിഞ്ഞാല്‍ ഭാവി ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്‍,അക്‌സര്‍ പട്ടേല്‍ എന്നിവരെ പരിഗണിക്കണമെന്ന അഭിപ്രായമാണ് ഗവാസ്‌കര്‍ക്കുള്ളത്. ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പിച്ചാല്‍ ഇഷാന്‍ കിഷനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാമെന്നും ഗവാസ്‌കര്‍ പറഞ്ഞു.
 
നിലവില്‍ പ്രഖ്യാപിച്ച വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ ടീം നായകനായി ഉള്ളപ്പോള്‍ അജിങ്ക്യ രഹാനെയാണ് വൈസ് ക്യാപ്റ്റനാകുന്നത്. മുന്‍പ് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ജസ്പ്രീത് ബുമ്ര,കെ എല്‍ രാഹുല്‍ എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍