Asia Cup 2023: വല്ലാത്തൊരു നിര്‍ഭാഗ്യം ! ശ്രീലങ്കയോട് രണ്ട് റണ്‍സിന് തോറ്റ് അഫ്ഗാനിസ്ഥാന്‍ പുറത്ത്

Webdunia
ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (09:01 IST)
Asia Cup 2023: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ കാണാതെ അഫ്ഗാനിസ്ഥാന്‍ പുറത്ത്. നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയോട് രണ്ട് റണ്‍സിന് തോല്‍വി വഴങ്ങിയതാണ് അഫ്ഗാനിസ്ഥാന് വിനയായത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 37.4 ഓവറില്‍ 289 റണ്‍സിന് ഓള്‍ഔട്ടായി. 
 
ശ്രീലങ്കയുടെ സ്‌കോര്‍ 37.1 ഓവറില്‍ മറികടന്നിരുന്നെങ്കില്‍ അഫ്ഗാനിസ്ഥാന് സൂപ്പര്‍ ഫോറിലേക്ക് പ്രവേശിക്കാമായിരുന്നു. അതിനു വേണ്ടി തന്നെയാണ് അഫ്ഗാനിസ്ഥാന്‍ കളിച്ചതും. എന്നാല്‍ തകര്‍ത്തടിക്കുന്നതിനിടെ തുടരെ വിക്കറ്റുകള്‍ നഷ്ടമായത് അഫ്ഗാന് തിരിച്ചടിയായി. 37.1 ഓവര്‍ ആയ സമയത്ത് അഫ്ഗാന്‍ 289-9 എന്ന നിലയിലായിരുന്നു. 37.1 ഓവറില്‍ ജയിക്കണം എന്നായിരുന്നെങ്കിലും അതിനു ശേഷവും അഫ്ഗാനിസ്ഥാന് സാധ്യതയുണ്ടായിരുന്നു. അതായത് 37.4 ഓവര്‍ ആകുമ്പോഴേക്കും 289 ല്‍ നിന്ന് ഒരു സിക്‌സ് അടിച്ച് കളി ജയിപ്പിക്കുകയായിരുന്നു ആ സാധ്യത. എന്നാല്‍ പിന്നീടുള്ള രണ്ട് ബോളുകള്‍ ഫസല്‍ഹഖ് ഫറൂഖി ക്രീസില്‍ പ്രതിരോധിച്ചിട്ടു. ഒരു സിംഗിളിന് പോലും ശ്രമിച്ചില്ല. അതില്‍ ഫുള്‍ടോസ് ബോള്‍ അടക്കം ഉണ്ടായിരുന്നു. ഒടുവില്‍ 38-ാം ഓവറിലെ നാലാം പന്തില്‍ ഫറൂഖി ലെഗ് ബൈ വിക്കറ്റിലൂടെ പുറത്താകുകയും ചെയ്തു. 
 
മുഹമ്മദ് നബി (32 പന്തില്‍ 65), ഹഷ്മത്തുള്ള ഷഹീദി (66 പന്തില്‍ 59), റഹ്മത്ത് ഷാ (40 പന്തില്‍ 45), റാഷിദ് ഖാന്‍ (16 പന്തില്‍ പുറത്താകാതെ 27), നജിബുഷ്ഷ സാദ്രന്‍ (15 പന്തില്‍ 23), കരീം ജാനത് (13 പന്തില്‍ 22) എന്നിവരുടെ പ്രകടനങ്ങളാണ് അഫ്ഗാനിസ്ഥാനെ വിജയത്തിന്റെ തൊട്ടരികില്‍ എത്തിച്ചത്. 
 
അതേസമയം ഗ്രൂപ്പ് ബിയില്‍ നിന്ന് ശ്രീലങ്കയും ബംഗ്ലാദേശും സൂപ്പര്‍ ഫോറിലേക്ക് പ്രവേശിച്ചു. ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും പാക്കിസ്ഥാനുമാണ് സൂപ്പര്‍ ഫോര്‍ കളിക്കുക. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article