ഇന്ത്യൻ ടീം പ്രഖ്യാപിച്ചപ്പോൾ വൈസ് ക്യാപ്റ്റനില്ല, ബുമ്രയെ തഴഞ്ഞോ? പകരം പന്തോ, ഗില്ലോ?

അഭിറാം മനോഹർ
ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (14:09 IST)
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നെ ടെസ്റ്റ് ടീമിലെ ഉപനായകനാര് എന്നതിനെ പറ്റി ആശയക്കുഴപ്പം. നേരത്തെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ 2 ഫോര്‍മാറ്റിലും ഉപനായകനായി ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യ തെരെഞ്ഞെടുത്തിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ ജസ്പ്രീത് ബുമ്രയാകും ഉപനായകനെന്നാണ് സൂചനകള്‍ വന്നിരുന്നത്. ഇന്ത്യന്‍ ടീം നായകനാകാന്‍ മുന്‍പും ബുമ്ര താത്പര്യം കാണിച്ചിരുന്നു. എന്നാല്‍ തുടരെ പരിക്കേല്‍ക്കുന്നത് താരത്തിന് തിരിച്ചടിയാവുകയായിരുന്നു.
 
കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ജസ്പ്രീത് ബുമ്രയായിരുന്നു ടീമിന്റെ ഉപനായകന്‍. ബംഗ്ലാദേശിനെതിരായ പരമ്പരയിലും ബുമ്ര ടീമിലുണ്ടെങ്കിലും ഉപനായകന്‍ ആരെന്ന ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. ഇത് സംശയങ്ങള്‍ക്ക് ഇടനല്‍കുന്നുവെന്ന് ആരാധകര്‍ പറയുന്നു. നിലവില്‍ 3 ഫോര്‍മാറ്റ് പ്ലെയറായി ശുഭ്മാന്‍ ഗില്ലിനെ എടുത്ത് കാണിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്. ടെസ്റ്റില്‍ മികച്ച റെക്കോര്‍ഡുള്ള റിഷഭ് പന്താണ് ഉപനായകനാകാന്‍ സാധ്യതയുള്ള മറ്റൊരാള്‍.
 
വൈസ് ക്യാപ്റ്റനെ എന്തുകൊണ്ട് പ്രഖ്യാപിച്ചില്ല എന്ന കാര്യത്തില്‍ ബിസിസിഐ ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയേക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article