തോല്‍‌വികള്‍ ഏറ്റുവാങ്ങാന്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ് ഇനിയില്ല; പ്ലേ ഓഫ് കാണാതെ ഐ പി എല്ലില്‍ നിന്നും പുറത്ത്

Webdunia
ബുധന്‍, 11 മെയ് 2016 (09:44 IST)
ഐ പി എല്ലില്‍ ധോണിയുടെ നേതൃത്വത്തിലിറങ്ങിയ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. നിര്‍ണായക പോരാട്ടത്തില്‍ ഹൈദരാബാദ് സണ്‍റൈസേഴ്സിനെതിരെയും നാലു റണ്‍സിന്റെ തോല്‍വി വഴങ്ങിയതോടെ പൂനെയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പൂനെയ്ക്ക് 20 ഓവറില്‍ എട്ടു വിക്കറ്റിന് 133 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ജയത്തോടെ സണ്‍റൈസേഴ്സ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ പൂനെ ഏഴാം സ്ഥാനത്തേക്കിറങ്ങി. 11 കളികളില്‍ പൂനെയുടെ എട്ടാം തോല്‍വിയണിത്.
 
നേരത്തെ നാലോവറില്‍ 19 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആദം സാംപയാണ് സണ്‍റൈസേഴ്സ് വലിയ സ്കോറിലേക്ക് പോകുന്നത് തടഞ്ഞത്. ഇന്നിംഗ്സിലെ അവസാന ഓവറിലായിരുന്നു സാംപ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഐ പി എല് ആദ്യ സീസണില്‍ 14 റണ്‍സ്‌ വഴങ്ങി ആറു വിക്കറ്റ്‌ വീഴ്‌ത്തിയ പാകിസ്‌താന്‍ പേസര്‍ സൊഹൈല്‍ തന്‍വീറിനു ശേഷം അഞ്ചിലധികം വിക്കറ്റ്‌ നേടുന്ന ആദ്യ ബൗളറാണ്‌ സാംപ. സാംപയുടെ സ്‌പിന്നിനു മുന്നില്‍ സണ്‍റൈസേഴ്‌സ് ബാറ്റ്‌സ്മാന്മാര്‍ മുട്ടുമടക്കിയപ്പോള്‍ 27 പന്തില്‍ നിന്ന്‌ 33 റണ്‍സ്‌ നേടിയ ശിഖര്‍ ധവാനാണ്‌ അവരുടെ ടോപ്‌സ്കോററായത്‌. പുനെയ്‌ക്കു വേണ്ടി ആര്‍ പി സിങ്‌, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ്‌ വീഴ്‌ത്തി.
 
മറുപടി ബാറ്റിങ്ങിനിറങ്ങിയ പുനെയ്‌ക്ക് തുടക്കം തന്നെ പിഴച്ചു. ഫോമിലുള്ള ഓപ്പണര്‍ അജിന്‍ക്യ രഹാനെ റണ്ണെടുക്കാതെ മടങ്ങിയതോടെ അവരുടെ ചേസിങ്‌ പിഴച്ചു. ആശിഷ് നെഹ്റ എറിഞ്ഞ അവസാന ഓവറില്‍ പൂനെയ്ക്ക് ജയിക്കാന്‍ 14 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്നത് വമ്പനടിക്കാരനായ തിസാരപ പെരേരയും ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറായ മഹേന്ദ്ര സിംഗ് ധോണിയും. ആദ്യ പന്തില്‍ പെരേര സിംഗിളെടുത്ത് സ്ട്രൈക്ക് ധോണിക്ക് നല്‍കി. അടുത്ത പന്തില്‍ ധോണിയും സിംഗിളെടുത്തു. മൂന്നാം പന്തില്‍ പെരേര(13  പന്തില്‍ 17)പുറത്ത്. നാലാം പന്ത് ലോംഗ് ഓണ്‍ ബൗണ്ടറിക്ക് മുകളിലൂടെ പറത്തി ധോണി പ്രതീക്ഷ കാത്തു. അഞ്ചാം പന്തില്‍ രണ്ടാം റണ്ണിനായി ശ്രമിച്ച ധോണിയെ യുവരാജ് റണ്ണൗട്ടാക്കി. ജയത്തിലേക്ക് ഒരു പന്തില്‍ അഞ്ചു റണ്‍സിന്റെ അകലം. പന്ത് നേരിടുന്നത് ആദം സാംപ. നെഹ്റയുടെ പന്ത് സാംപയുടെ ബാറ്റിന്റെ എഡ്ജില്‍തട്ടി പാഞ്ഞെങ്കിലും വിക്കറ്റിന് പിന്നില്‍ മനോഹരമായൊരു ക്യാച്ചിലൂടെ നമാന്‍ ഓജ വിജയം സണ്‍റൈസേഴ്സിന്റെ കൈപ്പിടിയിലൊതുക്കി. 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത നെഹ്റ തന്നെയാണ് ഹൈദരാബാദ് ബൗളിംഗിനെ നയിച്ചത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article