'നിങ്ങളുടെ ഒരു ഔദാര്യവും വേണ്ട'; 100-ാം ടെസ്റ്റില്‍ വിടവാങ്ങല്‍ മത്സരം ബിസിസിഐ ഓഫര്‍ ചെയ്തു, തള്ളി കോലി

Webdunia
തിങ്കള്‍, 17 ജനുവരി 2022 (13:08 IST)
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് നായകന്‍മാരില്‍ ഒരാളാണ് വിരാട് കോലി. ടെസ്റ്റ് ടീം നായകസ്ഥാനത്ത് നിന്ന് കോലിയുടെ പടിയിറക്കം അപ്രതീക്ഷിതമല്ല. ബിസിസിഐയുമായി കോലി അത്ര നല്ല ബന്ധത്തില്‍ ആയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഏകദിന നായക സ്ഥാനത്തുനിന്ന് തന്നെ നീക്കിയ രീതി കോലിയെ മാനസികമായി തളര്‍ത്തിയിരുന്നു. അപമാനിതനായി ടെസ്റ്റ് നായകസ്ഥാനത്ത് തുടരുന്നതില്‍ താല്‍പര്യമില്ലെന്ന് കോലി അന്നേ മനസില്‍ ഉറപ്പിച്ചിരുന്നു. നായകസ്ഥാനം ഒഴിയുകയാണെന്ന പ്രഖ്യാപനം നടത്താന്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പര കഴിയുന്നതുവരെ കോലി കാത്തുനിന്നെന്ന് മാത്രം. 
 
ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയാണ് ടെസ്റ്റ് ടീം നായകസ്ഥാനം രാജിവയ്ക്കുകയാണെന്ന കാര്യം ആദ്യം അറിയിച്ചത്. പിന്നീട് ബിസിസിഐ സെക്രട്ടറി ജയ് ഷായെ ഫോണില്‍ ബന്ധപ്പെട്ട് കാര്യം അറിയിച്ചു. 
 
കോലി ആഗ്രഹിച്ചിരുന്നെങ്കില്‍ തന്റെ ഐപിഎല്‍ ഹോം ഗ്രൗണ്ടായ ബെംഗളൂരുവില്‍ വിടവാങ്ങല്‍ മത്സരം ഒരുക്കാന്‍ ബിസിസിഐ തയ്യാറായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. കരിയറിലെ 100-ാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയെ നയിച്ചതിനു ശേഷം ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാന്‍ അവസരം ഉണ്ടായിരുന്നെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്. ശ്രീലങ്കയ്‌ക്കെതിരെ അടുത്ത മാസം ബെംഗളൂരുവില്‍ നടക്കുന്ന മത്സരത്തില്‍ ടീമിനെ നയിക്കാനുള്ള അവസരം ബിസിസിഐ ഭാരവാഹികള്‍ കോലിക്കു നല്‍കിയിരുന്നതായാണു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കോലി 'നോ' പറയുകയായിരുന്നു. 
 
ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാനുള്ള സന്നദ്ധത അറിയിച്ചതിനു പിന്നാലെ, വെള്ളിയാഴ്ച ബിസിസിഐയിലെ ഉന്നത ഭാരവാഹി വിടവാങ്ങല്‍ മത്സരത്തില്‍ ഇന്ത്യയെ നയിക്കുന്നതു സംബന്ധിച്ച് കോലിയുമായി ആശയവിനിമയം നടത്തിയിരുന്നെന്നും എന്നാല്‍ നിര്‍ദേശം കോലി നിരസിച്ചെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 'ഒരു മത്സരം പ്രത്യേകിച്ചൊരു വ്യത്യാസം ഉണ്ടാക്കില്ല. ഞാന്‍ ഇങ്ങനെയാണ്'- ഇതായിരുന്നു കോലിയുടെ മറുപടിയെന്നാണു റിപ്പോര്‍ട്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article