ബോളര്‍മാരുടെ പേടിസ്വപ്‌നമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്‌മാന്‍ എബി ഡിവില്ലിയേഴ്‌സ്. ഏതു ലോകോത്തര ബോളറെയും സമര്‍ദ്ദമായി നേരിടുകയും കൂറ്റന്‍ ഷോട്ടുകള്‍ കളിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ബാറ്റിംഗ് എന്നും ആശ്ചര്യമാണ്.
ഡിവില്ലിയേഴ്‌സ് എങ്ങനെയാണ് മാരക ഷോട്ടുകള്‍ ഈസിയായി കളിക്കുന്നതെന്ന ചോദ്യം വര്‍ഷങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍ ആ ചോദ്യത്തിന് ഉത്തരവുമായി റോയല്‍ ചലഞ്ചേഴ്‌സിലെ എ ബിയുടെ ഉറ്റ ചങ്ങാതിയും ഇന്ത്യന്‍ ക്യാപ്‌റ്റനുമായ വിരാട് കോഹ്‌ലി രംഗത്തെത്തി.
“ കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനം മുതലാണ് ഞാന്‍ ഡിവില്ലിയേഴ്‌സിനെ അടുത്ത് ശ്രദ്ധിക്കുന്നത്. ബോളര്‍ പന്ത് എറിയാന്‍ ഓടിയടുക്കുമ്പോള്‍ അദ്ദേഹം തല ചലിപ്പിക്കില്ല. ബാറ്റ് അനാവശ്യമായി ക്രീസില്‍ മുട്ടിക്കുകയുമില്ല. ബോളറെയും പന്തിനെയും മാത്രമായിരിക്കും അദ്ദേഹം ശ്രദ്ധിക്കുക, അതും സൂക്ഷമമായി. പന്തിന്റെ ഗതിയും ചലനവും മനസിലാക്കാന്‍ ഇതിലൂടെ എ ബിക്ക് കഴിയും” - എന്നും കോഹ്‌ലി പറഞ്ഞു.
ബോളര്‍ പന്ത് എറിയാന്‍ എത്തുമ്പോള്‍ കാണിക്കുന്ന ഈ നിരീക്ഷണമാണ് ഡിവില്ലിയേഴ്‌സിന്റെ ബാറ്റിംഗിന്റെ രഹസ്യം. ഇക്കാര്യം ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ലെന്നും കോഹ്‌ലി വ്യക്തമാക്കി.
എ ബിയെ പോലെയല്ല ഞാന്‍ ബാറ്റ് ചെയ്യുന്നത്. ബോളര്‍മാര്‍ ഓടിയടുക്കുമ്പോള്‍ ഞാന്‍ ബാറ്റു ക്രീസില്‍ മുട്ടിച്ചുകൊണ്ടിരിക്കും. ഏകാഗ്രതയോടെ കളിക്കേണ്ട ടെസ്‌റ്റ് മത്സരങ്ങളില്‍ ഈ ശീലം തിരിച്ചടിയാകും. എന്നാല്‍, ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ ഇത് നേട്ടമാകുമെന്നും എന്‍ഡിടി വിക്ക് നല്‍കിയ അഭിമുഖത്തില്‍ കോഹ്‌ലി പറഞ്ഞു.