Virat Kohli: രോഹിത് ശര്‍മയ്ക്കു പിന്നാലെ ഇന്ത്യന്‍ ആരാധകരെ നിരാശപ്പെടുത്തി വിരാട് കോലിയും. പൂണെ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഒരു റണ്‍സിന് കോലി പുറത്തായി. ഒന്‍പത് പന്തുകള്‍ നേരിട്ട കോലി മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ബൗള്‍ഡ് ആകുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മ ഇന്നലെ പൂജ്യത്തിനു പുറത്തായിരുന്നു.
സാന്റ്‌നര്‍ പുറത്താക്കിയതിനു പിന്നാലെ വളരെ നിസഹായനായി ക്രീസില്‍ മുട്ടുകുത്തി നില്‍ക്കുന്ന കോലിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. സ്പിന്നിനെ കളിക്കാന്‍ കോലി ബുദ്ധിമുട്ടുന്നത് സമീപകാലത്ത് പതിവു കാഴ്ചയാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ അടുത്തിരിക്കെ കോലിയുടെ ഫോം ഔട്ട് ഇന്ത്യക്ക് തലവേദനയാകും. ഹോം ടെസ്റ്റില്‍ നിരാശപ്പെടുത്തുന്ന കോലി ഇംഗ്ലണ്ടില്‍ പോയി എന്ത് കാണിക്കുമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ചോദ്യം.
2021 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഹോം ടെസ്റ്റ് മത്സരങ്ങളില്‍ സ്പിന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ മുട്ടിടിക്കുന്ന കോലിയെയാണ് കാണാന്‍ സാധിക്കുക. 2021 മുതലുള്ള ഹോം ടെസ്റ്റുകളിലെ 22 ഇന്നിങ്‌സുകളില്‍ 19 എണ്ണത്തിലും കോലി പുറത്തായത് സ്പിന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ വിറച്ചുകൊണ്ടാണ്. 30.2 ശരാശരിയില്‍ നേടിയിരിക്കുന്നത് 573 റണ്‍സ് മാത്രം. 2012 മുതല്‍ 2020 വരെയുള്ള കണക്കുകള്‍ എടുത്താല്‍ 54 ഇന്നിങ്‌സുകളില്‍ 74.64 ശരാശരിയില്‍ 1866 റണ്‍സ് കോലി സ്‌കോര്‍ ചെയ്തിട്ടുണ്ട്. സ്പിന്നിനു മുന്നില്‍ പുറത്തായിരിക്കുന്നത് 25 തവണ മാത്രം.