കോഹ്‌ലി ഒന്നൊന്നര നായകനാണ്; ഇന്ന് കുറിച്ചത് ഒരു വമ്പന്‍ റെക്കോര്‍ഡ്

Webdunia
ശനി, 10 ഡിസം‌ബര്‍ 2016 (16:46 IST)
ഇന്ത്യന്‍ ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. ടെസ്റ്റിൽ 4,000 റൺസ് എന്ന നേട്ടമാണ് മുംബൈയിൽ ഇംഗ്ലണ്ടിനെതിരെയുള്ള സെഞ്ചുറിക്കിടയില്‍ അദ്ദേഹം സ്വന്തമാക്കിയത്.

നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ വ്യക്‌തിഗത സ്കോർ 41–ൽ എത്തിയപ്പോഴായിരുന്നു കോഹ്‌ലിയുടെ നേട്ടം. പതിനഞ്ചാം ടെസ്‌റ്റ് സെഞ്ചുറിയും അദ്ദേഹം ഇന്ന് സ്വന്തമാക്കി. 52–മത് മത്സരത്തിലാണ് കോഹ്ലി 4,000 ക്ലബിൽ കടന്നത്.

സ്‌പിന്നര്‍ രവിചന്ദ്രൻ അശ്വിന്‍ വെള്ളിയാഴ്‌ച മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 23 തവണ അഞ്ചു വിക്കറ്റ് നേട്ടമെന്ന മുൻ നായകൻ കപില്‍ ദേവിന്റെ നേട്ടത്തിനൊപ്പമാണ് അശ്വിനെത്തിയത്. 43മത് ടെസ്റ്റ് മത്സരത്തിലാണ് അശ്വിന്റെ നേട്ടം.

മുംബെയിൽ ഇംഗ്ലണ്ടിനെതിരേ നടക്കുന്ന നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ അശ്വിൻ ആറു വിക്കറ്റ് വീഴ്ത്തിയിരുന്നു. അശ്വിന്റെ മുന്നിൽ ഇനി കുംബ്ലെയും ഹർഭജനുമാണുള്ളത്.

ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ അനിൽ കുംബ്ലെയാണ് ഇന്ത്യയ്‌ക്കായി ഏറ്റവുമധികം തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചത്. 132 മൽസരങ്ങളിൽനിന്ന് കുംബ്ലെ 35 തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. 103 ടെസ്റ്റ് മൽസരം കളിച്ചിട്ടുള്ള ഹർഭജൻ 25 തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്.
Next Article