Varun Chakravarthy: ജസ്പ്രിത് ബുംറ പരുക്കിനെ തുടര്‍ന്ന് പുറത്തായതിനു പിന്നാലെ ഇന്ത്യയുടെ ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ അടുത്ത തലവേദന. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും പരുക്കിന്റെ പിടിയിലാണ്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ വരുണ്‍ ചക്രവര്‍ത്തി കളിക്കാതിരുന്നത് പരുക്കിനെ തുടര്‍ന്നാണ്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും വരുണ്‍ ചക്രവര്‍ത്തിയുടെ പരുക്കിനെ കുറിച്ച് സ്ഥിരീകരിച്ചു.
കാലിന്റെ പേശികളില്‍ നീരും വേദനയും ഉണ്ട്. താരത്തിനു ഏതാനും ദിവസങ്ങള്‍ പൂര്‍ണ വിശ്രമം വേണ്ടിവരും. എന്നാല്‍ ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. മൂന്നോ നാലോ ദിവസത്തെ വിശ്രമം കഴിഞ്ഞാല്‍ വരുണിന് പരിശീലനം ആരംഭിക്കാന്‍ കഴിയുമെന്നാണ് വിവരം. ബിസിസിഐ മെഡിക്കല്‍ സംഘം താരത്തെ നിരീക്ഷിച്ചുവരികയാണ്.
15 അംഗ സ്‌ക്വാഡില്‍ നിന്ന് യശസ്വി ജയ്‌സ്വാള്‍ പുറത്തായതിനു പിന്നാലെയാണ് വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. സമീപകാലത്തെ മികച്ച പ്രകടനങ്ങളാണ് വരുണിന് ചാംപ്യന്‍സ് ട്രോഫി ടീമിലേക്കുള്ള വഴി തുറന്നത്.