ഊതല്ലെ, തീപ്പൊരി പാറും: ലെജൻഡ്സ് ലീഗിനിടെ യുവരാജിനെ ചൊറിഞ്ഞ് ടിനോ ബെസ്റ്റ്, അമ്പയറും ലാറയും ഇടപെട്ടിട്ടും അനുസരിച്ചില്ല
ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി20യില്‍ ഇന്ത്യയുടെ യുവരാജ് സിംഗും വെസ്റ്റിന്‍ഡീസ് പേസര്‍ ടിനോ ബെസ്റ്റും തമ്മില്‍ വാക്കുതര്‍ക്കം. മത്സരത്തില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ 6 വിക്കറ്റിന് തോല്‍പ്പിച്ച് കിരീടം നേടിയിരുന്നു. റായ്പൂര്‍ വീര്‍ നാരായണ്‍ സിംഗ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 149 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 17.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. 50 പന്തില്‍ 74 റണ്‍സുമായി തിളങ്ങിയ ഓപ്പണര്‍ അമ്പാട്ടി റായുഡുവാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. നായകന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 18 പന്തില്‍ 25 റണ്‍സ് നേടി.
മത്സരത്തിന്റെ 13ആം ഓവറിന് ശേഷമായിരുന്നു യുവരാജും വെസ്റ്റിന്‍ഡീസ് പേസറും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായത്. വാക്കേറ്റം കടുത്തതോടെ ഇരുവരെയും അനുനയിപ്പിക്കാനായി അമ്പയര്‍ ബില്ലി ബൗഡനും വെസ്റ്റിന്‍ഡീസ് നായകന്‍ ബ്രയന്‍ ലാറയും ഇടപെട്ടു. എന്നാല്‍ ഇരുവരെയും പിന്മാറ്റാന്‍ സാധിച്ചില്ല. പിന്നീട് ലാറ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.