ഇർഫാനും മലിംഗയ്ക്കും ശേഷം ഇതാദ്യം, സ്വപ്‌ന‌നേട്ടം സ്വന്തമാക്കി ഉ‌മ്രാൻ മാലിക്

Webdunia
തിങ്കള്‍, 18 ഏപ്രില്‍ 2022 (14:33 IST)
ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരെ തകർപ്പൻ ബൗളിങ് പ്രകടനമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് പേസർ ഉ‌മ്രാൻ മാലിക് പുറത്തെടുത്തത്. മത്സരത്തിൽ നാലോവറിൽ 28 റൺസ് വഴങ്ങി 4 വിക്കറ്റുകളാണ് യുവപേസർ ബൗളിങ് പ്രകടനത്തിലൂടെ സ്വന്തമാക്കിയത്.മത്സരത്തിലെ അവസാന ഓവറിൽ റൺസൊന്നും വഴങ്ങാതെ 3 വിക്കറ്റുകളാണ് ഉ‌മ്രാൻ മാലിക് സ്വന്തമാക്കിയത്.

ഇതോടെ അത്യപൂർവമായ ഒരു നേട്ടം സ്വന്തമാക്കാൻ ഉ‌മ്രാൻ മാലിക്കിനായി. ഐപിഎല്ലിൽ അവസാന ഓവർ മെയ്‌ഡനാക്കുന്ന നാലാമത്തെ ബൗളറാണ് ഉ‌മ്രാൻ മാലിക്. അഞ്ച് വർഷങ്ങൾക്ക് ശെഷമാണ് ഐപിഎല്ലില്‍ ഒരു ബൗളര്‍ ഇരുപതാം ഓവറില്‍ റണ്ണൊന്നും വഴങ്ങാതിരിക്കുന്നത്.
 
ഇര്‍ഫാന്‍ പത്താന്‍, ലസിത് മലിംഗ, ജയദേവ് ഉനദ്ഗഡ് എന്നിവരാണ് ഇതിന് മുൻപ് ഇരുപതാമത് ഓവർ മെയ്‌ഡൻ ആക്കിയ താരങ്ങൾ. പഞ്ചാബിനെതിരായ മത്സരത്തിൽ ജിതേഷ് ശര്‍മ്മ, ഒഡിയന്‍ സ്മിത്ത്, രാഹുല്‍ ചഹാര്‍, വൈഭവ് അറോറ എന്നിവരുടെ വിക്കറ്റുകളാണ് ഉമ്രാന്‍ വീഴ്ത്തിയത്. മത്സരത്തിലെ അവസാന ഓവറിലാണ് മൂന്ന് വിക്കറ്റും ഉമ്രാന്‍ മാലിക്ക് നേടിയത്.
 
ഐ പി എല്‍ ആദ്യ സീസണില്‍ പഞ്ചാബിന് വേണ്ടി ഇർഫാൻ പത്താനും 2009 സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് പേസര്‍ ലസിത് മലിംഗയും 2017 സീസണില്‍ പുണെയ്ക്ക് വേണ്ടി ജയദേവ് ഉനദ്‌ഘട്ടുമാണ് ഇരുപ‌താം ഓവർ മെയ്‌ഡൻ ആക്കിയ മറ്റ് താരങ്ങൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article