ശമ്പളമില്ല; ട്വന്റി-20 ലോകകപ്പില്‍ നിന്ന് വെസ്‌റ്റ് ഇന്‍ഡീസും പിന്മാറുന്നു!

Webdunia
വ്യാഴം, 11 ഫെബ്രുവരി 2016 (10:37 IST)
മാര്‍ച്ച് എട്ടിന് ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കാനിരിക്കേ പാകിസ്ഥാന് പിന്നാലെ വെസ്‌റ്റ് ഇന്‍ഡീസും ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനിന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പില്‍ പങ്കെടുക്കുന്നതിനുള്ള പ്രതിഫലത്തില്‍  80 ശതമാനം കുറവുവരുത്തിയ പുതിയ കരാര്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് താരങ്ങള്‍ ഇടഞ്ഞതാണ് വിന്‍ഡീസിന്റെ വരവിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

ടീം ലോകകപ്പില്‍ പങ്കെടുക്കുമെന്നും കൂടുതല്‍ പണം അനുവദിക്കാനുള്ള അവസ്ഥയിലല്ല ബോര്‍ഡെന്നും. ഞായറാഴ്‌ചയ്‌ക്കുള്ളില്‍ കരാറില്‍ ഒപ്പിടണമെന്നും ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് മൈക്കിള്‍ മിയര്‍ഹെഡ് വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി ഐസിസി ഇടപ്പെട്ടിട്ടുണ്ട്. അതേസമയം, പുതിയ കരാറിനെതിരേ പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള കത്ത് നായകന്‍ ഡാരന്‍ സമി ബോര്‍ഡിന് അയയ്ക്കുകയും ചെയ്തു.

ടൂർണമെന്റിൽ പങ്കെടുക്കുന്നതിന് പാക് ക്രിക്കറ്റ് ബോർഡിന് പാക് സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല.
സർക്കാരിന്റെ തീരുമാനത്തിനനുസരിച്ചാകും ടീം ലോകകപ്പിൽ പങ്കെടുക്കുന്നതെന്ന് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഷെഹരിയാർ ഖാൻ പറഞ്ഞു.

പാകിസ്ഥാന്‍ ടീമിൻറ മൽസരങ്ങളിൽ ശിവസേന അടക്കമുള്ളവരുടെ പ്രതിഷേധത്തിന് സാധ്യതയുണ്ട്. അതിനാലാണ് ടീമിൻറ സുരക്ഷ സംബന്ധിച്ച് പാക് സർക്കാർ നിലപാട് കൈകൊണ്ടത്. സുരക്ഷ സംബന്ധിച്ച ആശങ്കകൾ പാക് ക്രിക്കറ്റ് ബോർഡ് നേരത്തേ ഉയർത്തിയിരുന്നു. ലോകകപ്പിലെ പാകിസ്ഥാന്റെ മൽസരങ്ങൾ നിഷ്പക്ഷ വേദികളിലേക്ക് മാറ്റണമെന്ന് അവർ നിർദേശിച്ചിരുന്നു. മാർച്ച് 22 ന് മൊഹാലിയിൽ ന്യൂസിലൻഡിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം. മാർച്ച് 19ന് ധർമ്മശാലയിൽ ഇന്ത്യയുമായും പാകിസ്ഥാന് മത്സരമുണ്ട്.