നിർത്തിയിടത്ത് നിന്നും തുടങ്ങി തിലക് വർമ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 67 പന്തിൽ അടിച്ചെടുത്തത് 151 റൺസ്

അഭിറാം മനോഹർ

ശനി, 23 നവം‌ബര്‍ 2024 (11:15 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ അവസാനിപ്പിച്ചിടത്ത് നിന്നും തുടങ്ങി ഇന്ത്യന്‍ താരം തിലക് വര്‍മ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹൈദരാബാദ് നായകനായ തിലക് വര്‍മ മേഘാലയയ്‌ക്കെതിരായ മത്സരത്തില്‍ 67 പന്തില്‍ നിന്നും 151 റണ്‍സാണ് അടിച്ചെടുത്തത്. 10 സിക്‌സറുകളും 14 ബൗണ്ടറികളുമടക്കമാണ് തിലകിന്റെ വെടിക്കെട്ട് പ്രകടനം.
 
 ടോസ് നേടി ബൗളിംഗ് തിരെഞ്ഞെടുത്ത മേഘാലയ്ക്ക് തുടക്കത്തില്‍ തന്നെ ഹൈദരാബാദ് ഓപ്പണര്‍ രാഹുല്‍ സിംഗിനെ പുറത്താക്കാന്‍ സാധിച്ചു. എന്നാല്‍ ഓപ്പണര്‍ തന്മയ് അഗര്‍വാളുമൊത്ത് അടിച്ചുതകര്‍ത്ത തിലക് വര്‍മ ഹൈദരാബാദ് സ്‌കോര്‍ ഉയര്‍ത്തി. 23 പന്തില്‍ 55 റണ്‍സുമായി തന്മയ് അഗര്‍വാളും 23 പന്തില്‍ 30 റണ്‍സുമായി രാഹുല്‍ ബുദ്ധിയും തിലക് വര്‍മയ്ക്ക് വലിയ പിന്തുണയാണ് നല്‍കിയത്. തിലക് വര്‍മയുടെയും തന്മയ് അഗര്‍വാളിന്റെയും വെടിക്കെട്ട് പ്രകടനങ്ങളുടെ മികവില്‍ 20 ഓവറില്‍ 248 റണ്‍സാണ് ഹൈദരാബാദ് അടിച്ചെടുത്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍