Mumbai Indians: കോടികൾ വാരിയെറിഞ്ഞതെല്ലാം പാഴ്, മുംബൈയിൽ കാമറൂൺ ഗ്രീൻ മുതൽ ജോഫ്ര ആർച്ചർ വരെയുള്ളവർ വാങ്ങുന്ന ശമ്പളം ഇങ്ങനെ

Webdunia
ബുധന്‍, 26 ഏപ്രില്‍ 2023 (21:07 IST)
ഐപിഎല്ലിൽ ഏറെ കാലമായി ഏറ്റവും ശക്തമായ നിരയെന്ന വിശേഷണം സ്വന്തമാക്കിയ ടീമാണ് മുംബൈ ഇന്ത്യൻസ്. ബൗളിംഗിൽ രാഹുൽ ചാഹറും, ട്രെൻഡ് ബോൾട്ടും ജസ്പ്രീത് ബുമ്രയും ബാറ്റിംഗിൽ പൊള്ളാർഡ്,രോഹിത് ശർമ,ക്വിൻ്റൺ ഡികോക്ക്,സൂര്യകുമാർ യാദവ് ഓൾറൗണ്ടർമാരായി ഹാർദ്ദിക്കും ക്രുണാലും അടങ്ങിയ മുംബൈ ഐപിഎല്ലിൽ ഏത് ടീമിനെയും ഭയപ്പെടുത്തുന്ന നിരയായിരുന്നു.
 
എന്നാൽ 2022ലെ മെഗാതാരലേലവുമായി ബന്ധപ്പെട്ട് നിരവധി താരങ്ങളെ കൈവിടേണ്ടി വന്നതോടെ ആ സീസണിൽ അവസാന സ്ഥാനക്കാരായാണ് മുംബൈ ഇന്ത്യൻസ് അവസാനിപ്പിച്ചത്. ടീമിലെ പ്രധാന താരങ്ങളായ ട്രെൻഡ് ബോൾട്ട്,ഹാർദ്ദിക്, ക്രുണാൽ,രാഹുൽ ചഹാർ,ഡികോക്ക് തുടങ്ങിയ താരങ്ങളെ നഷ്ടമായതും പൊള്ളാർഡ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതും മുംബൈയുടെ ബാലൻസ് തെറ്റിച്ചു. തുടർന്ന് ടീമിലെത്തിച്ച താരങ്ങൾക്ക് ആർക്കും തന്നെ പഴയ താരങ്ങളുടെ പകരക്കാരാകാൻ സാധിച്ചിട്ടില്ല.
 
17.50 കോടി രൂപ മുടക്കിയാണ് മുംബൈ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനെ ടീമിലെത്തിച്ചത്. രോഹിത് ശർമ 16 കോടിയും ഇഷാൻ കിഷൻ 15.25 കോടിയുമാണ് പ്രതിഫലം വാങ്ങുന്നത്. 12 കോടി രൂപ പ്രതിഫലമുള്ള ബുമ്ര ഈ സീസണിൽ കളിക്കുന്നില്ല. പൊള്ളാർഡിൻ്റെ പകരക്കാരനായി മുംബൈ പരിഗണിക്കുന്ന ടിം ഡേവിഡ് 8.25 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്. സൂര്യകുമാർ യാദവും ജോഫ്ര ആർച്ചർക്കും പ്രതിഫലം 8 കോടി രൂപയാണ്. ഇതിൽ ആർച്ചർ കൂടി നിറം മങ്ങിയതോടെ മുംബൈ ബാറ്റർമാരുടെ മാത്രം ടീമായി മാറിയിരിക്കുകയാണ്.
 
കോടികൾ വാങ്ങുന്ന ഈ താരങ്ങളെല്ലാം തന്നെ ഐപിഎല്ലിൽ നിരാശപ്പെടുത്തിയപ്പോൾ മുംബൈയ്ക്ക് പലപ്പോഴും തുണയായത് തിലക് വർമയും വെറ്ററൻ താരം പീയുഷ് ചൗളയുമാണ്. തിലക് വർമയ്ക്ക് 1.70 കോടിയും പീയുഷ് ചൗളയ്ക്ക് 50 ലക്ഷം രൂപയുമാണ് മുംബൈ പ്രതിഫലമായി നൽകുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article