Suryakumar Yadav: തിലക് വര്‍മയ്ക്കായി മൂന്നാം നമ്പര്‍ പൊസിഷന്‍ വിട്ടുകൊടുത്ത നായകന്‍ സൂര്യകുമാര്‍ യാദവിനെ വാഴ്ത്തി ക്രിക്കറ്റ് ആരാധകര്‍. വിരാട് കോലി ട്വന്റി 20 യില്‍ നിന്ന് വിരമിച്ച ശേഷമാണ് തന്റെ സ്വതസിദ്ധമായ വണ്‍ഡൗണ്‍ പൊസിഷന്‍ കളിക്കാന്‍ സൂര്യക്ക് അവസരം ലഭിച്ചത്. എന്നാല്‍ തിലക് വര്‍മയ്ക്ക് വണ്‍ഡൗണ്‍ പൊസിഷന്‍ വിട്ടുകൊടുത്ത് സ്വയം നാലാം നമ്പറിലേക്ക് ഇറങ്ങുകയായിരുന്നു സൂര്യ. കേവലം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മാത്രമല്ല ഭാവിയിലും തിലക് തന്നെയായിരിക്കും ഇന്ത്യയുടെ വണ്‍ഡൗണ്‍ ബാറ്റര്‍ എന്ന സൂചനയും മത്സരശേഷം സൂര്യ നല്‍കി.
ഈ വര്‍ഷം ബംഗ്ലാദേശിനെതിരെ ഇന്ത്യയില്‍ നടന്ന മൂന്ന് ട്വന്റി 20 മത്സരങ്ങളിലും സൂര്യകുമാര്‍ മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യാനെത്തിയത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സൂര്യ തന്നെ വണ്‍ഡൗണ്‍ ഇറങ്ങി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ രണ്ട് കളികളില്‍ സൂര്യക്കു താഴെ നാലാമനായാണ് തിലക് ക്രീസിലെത്തിയത്. മൂന്നാം ട്വന്റി 20 ക്കു മുന്‍പാണ് തനിക്ക് വണ്‍ഡൗണ്‍ പൊസിഷനില്‍ കളിക്കാന്‍ താല്‍പര്യമുണ്ടെന്ന് തിലക് സൂര്യയെ അറിയിച്ചത്. യുവതാരത്തിന്റെ ആത്മവിശ്വാസം കണ്ട സൂര്യ സ്വയം നാലാം നമ്പറിലേക്ക് ഇറങ്ങി തിലകിനെ വണ്‍ഡൗണ്‍ ഇറക്കി. സെഞ്ചൂറിയനില്‍ നടന്ന മൂന്നാം ടി20 മത്സരത്തില്‍ വണ്‍ഡൗണ്‍ ഇറങ്ങി സെഞ്ചുറി നേടിയാണ് തിലക് തനിക്കായി ആത്മത്യാഗം നടത്തിയ നായകന്‍ സൂര്യക്ക് നന്ദി പറഞ്ഞത്. നാലാം മത്സരത്തിലും തിലക് തന്നെ വണ്‍ഡൗണ്‍ ഇറങ്ങട്ടെയെന്ന് സൂര്യ തീരുമാനിക്കുകയായിരുന്നു.
' ഞാന്‍ ഇതിനെ കുറിച്ച് ആലോചിച്ചിരുന്നു. ഒരു മനുഷ്യന്‍ (വിരാട് കോലി) നമ്പര്‍ ത്രീയില്‍ ഇറങ്ങി ഇന്ത്യക്കായി അത്ഭുതങ്ങള്‍ കാണിച്ചിരുന്ന സമയം ഉണ്ടായിരുന്നു. മറ്റൊരു യുവതാരത്തിനു അതിനു പകരമാകാന്‍ ഏറ്റവും ഉചിതമായ സമയമാണ് ഇതെന്ന് ഞാന്‍ കരുതുന്നു. തീര്‍ച്ചയായും തിലകിനെ പോലൊരു താരമാണെങ്കില്‍ അത് നല്ലതാണ്. ഞങ്ങള്‍ രണ്ടുപേരും ഇതിനെ കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്തിരുന്നു. ഇതാണ് ഉചിതമായ സമയം, മൂന്നാം നമ്പറില്‍ ഇറങ്ങി ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കുക. ഇപ്പോള്‍ മാത്രമല്ല തുടര്‍ന്നങ്ങോട്ടും അങ്ങനെ തന്നെ. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ ചെയ്തത് അവന്‍ (തിലക് വര്‍മ) ഭാവിയിലും ഇന്ത്യക്കായി ചെയ്യുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അത് ട്വന്റി 20 യില്‍ മാത്രമല്ല എല്ലാ ഫോര്‍മാറ്റിലും,' ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കു ശേഷം സൂര്യകുമാര്‍ പറഞ്ഞു.
ഏകദിന ഫോര്‍മാറ്റിലും തിലക് ഇന്ത്യക്കായി മൂന്നാം നമ്പറില്‍ എത്തിയേക്കുമെന്ന സൂചനയാണ് സൂര്യ നല്‍കുന്നത്. ട്വന്റി 20 യില്‍ ഇനിയങ്ങോട്ട് തിലക് തന്നെയായിരിക്കും ഇന്ത്യയുടെ വണ്‍ഡൗണ്‍ താരമെന്ന് സൂര്യയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. സൂര്യ നാലാമനായാകും ടി20 യില്‍ ഇനി ബാറ്റ് ചെയ്യുക. വിരാട് കോലി ഉണ്ടായിരുന്ന സമയത്തും സൂര്യയുടെ ബാറ്റിങ് പൊസിഷന്‍ നാലാം നമ്പര്‍ ആയിരുന്നു.