Pakistan Team: എരിതീയിൽ നിന്നും വറച്ചട്ടിയിലേക്ക്, സൂപ്പർ എട്ടിലെത്താൻ പാകിസ്ഥാന് മുന്നിലുള്ള സാധ്യതകൾ ഇങ്ങനെ

അഭിറാം മനോഹർ
തിങ്കള്‍, 10 ജൂണ്‍ 2024 (13:35 IST)
ടി20 ലോകകപ്പിൽ ആവേശം അവസാന ഓവർ വരെയെത്തിയ ത്രില്ലർ പോരാട്ടത്തിൽ ഇന്ത്യയോട് പരാജയം നേരിട്ടതോടെ പാകിസ്ഥാൻ ലോകകപ്പിൽ പുറത്താകലിൻ്റെ വക്കിൽ. ഇന്ത്യ മുന്നോട്ട് വെച്ച 120 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്ഥാൻ 6 റൺസിനാണ് പരാജയപ്പെട്ടത്. ഗ്രൂപ്പ് എയിലെ തങ്ങളുടെ ആദ്യമത്സരത്തിൽ അമേരിക്കയുമായി തോൽവി നേരിട്ടതിനാൽ തന്നെ ലോകകപ്പിൽ പുറത്താകലിൻ്റെ വക്കിലാണ് പാകിസ്ഥാൻ. സൂപ്പർ എട്ടിൽ ഇനി പാകിസ്ഥാന് കേറാനുള്ള സാധ്യതകൾ എന്തെല്ലാമെന്ന് നോക്കാം.
 
കളിച്ച 2 മത്സരങ്ങളിലും പരാജയപ്പെട്ട പാകിസ്ഥാൻ നിലവിൽ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്. ഇനി നടക്കാനുള്ള 2 മത്സരങ്ങളിലും വിജയിക്കുകയും അമേരിക്കയും കാനഡയും ഇനിയുള്ള മത്സരങ്ങളിൽ വിജയിക്കാതിരിക്കുകയും ചെയ്താൽ മാത്രമെ പാകിസ്ഥാന് ടൂർണമെൻ്റിൽ മുന്നോട്ട് പോകാനാകു. കാനഡയ്ക്കും അയർലൻഡിനുമെതിരെയാണ് പാകിസ്ഥാൻ്റെ അടുത്ത മത്സരങ്ങൾ. ഇതിൽ രണ്ടിലും പാകിസ്ഥാൻ വിജയിച്ചാൽ തന്നെയും അമേരിക്ക അയർലൻഡിനോട് വിജയിച്ചാൽ പാകിസ്ഥാൻ ടൂർണമെൻ്റിൽ നിന്നും പുറത്താകും. ഇനി കാനഡയും അയർലൻഡും ബാക്കിയുള്ള മത്സരങ്ങളിൽ പരാജയപ്പെട്ടാലും റൺ റേറ്റ് പാകിസ്ഥാന് മുന്നിൽ വെല്ലുവിളിയാകും. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന 2 മത്സരങ്ങളിലും മികച്ച മാർജിനിൽ തന്നെ പാകിസ്ഥാന് വിജയിക്കേണ്ടതായി വരും.

അനുബന്ധ വാര്‍ത്തകള്‍

Next Article