Rohit Sharma: ഓസ്‌ട്രേലിയയ്‌ക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ കെ.എല്‍.രാഹുലിനു വേണ്ടി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഓപ്പണര്‍ സ്ഥാനം ത്യജിച്ചേക്കും. ഇന്ത്യയുടെ ഭാവി മുന്നില്‍കണ്ട് ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങാന്‍ രോഹിത് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. പെര്‍ത്ത് ടെസ്റ്റില്‍ രോഹിത്തിന്റെ അഭാവത്തില്‍ രാഹുലാണ് യശസ്വി ജയ്‌സ്വാളിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. രണ്ട് ഇന്നിങ്‌സിലും രാഹുല്‍ മികച്ച പ്രകടനം നടത്തിയിരുന്നു.
ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയ രോഹിത് ഇന്ത്യക്കായി രണ്ടാം ടെസ്റ്റ് കളിക്കുമെന്ന് ഉറപ്പായി. രോഹിത് എത്തുമ്പോള്‍ രാഹുല്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കു പോകേണ്ട സാഹചര്യമാണ്. എന്നാല്‍ ഓസീസ് ബൗളര്‍മാരെ വളരെ ശ്രദ്ധയോടെ നേരിടുന്ന രാഹുലിനെ അഞ്ചാമതോ ആറാമതോ ഇറക്കുന്നത് ടീമിനെ ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് രോഹിത് ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങുന്ന കാര്യം ആലോചിക്കുന്നത്. ടെസ്റ്റ് കരിയര്‍ അവസാന ലാപ്പില്‍ എത്തി നില്‍ക്കെ ടീമിനായി ഇത്തരമൊരു ത്യാഗം ചെയ്യാന്‍ രോഹിത് പൂര്‍ണ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
പെര്‍ത്ത് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും ഓസ്ട്രേലിയന്‍ ബൗളര്‍മാരെ ക്ഷമയോടെ നേരിടാന്‍ സാധിച്ചത് രാഹുലിന് മാത്രമാണ്. ന്യൂ ബോളില്‍ അടക്കം രാഹുല്‍ മികച്ച ചെറുത്തുനില്‍പ്പാണ് നടത്തിയത്. അങ്ങനെയൊരു താരത്തെ അഞ്ചാമതോ ആറാമതോ ഇറക്കുന്നത് ടീമിനു ഗുണം ചെയ്യില്ലെന്നാണ് ആരാധകരുടെയും അഭിപ്രായം. കെ.എല്‍.രാഹുലിനെ ഓപ്പണിങ് സ്ഥാനത്തു നിന്ന് മാറ്റരുതെന്ന് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാരയും പറഞ്ഞിരുന്നു. രാഹുലും ജയ്‌സ്വാളും ഓപ്പണര്‍മാരായി തുടരണമെന്നും രോഹിത് ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങണമെന്നുമാണ് പുജാരയുടെ അഭിപ്രായം. ഓപ്പണ്‍ ചെയ്യണമെന്ന് രോഹിത്തിനു നിര്‍ബന്ധമാണെങ്കില്‍ രാഹുലിനെ വണ്‍ഡൗണ്‍ എങ്കിലും ആക്കണമെന്നും പുജാര കൂട്ടിച്ചേര്‍ത്തു.