ഐസിസി ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ വേദിയാകുമോ? തീരുമാനം ഇന്ന്

അഭിറാം മനോഹർ

വെള്ളി, 29 നവം‌ബര്‍ 2024 (11:44 IST)
അടുത്ത വര്‍ഷത്തെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന് പാകിസ്ഥാന്‍ വേദിയാകുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനിലേക്ക് ടീമിനെ അയക്കില്ലെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നതിനിടെയാണ് ഐസിസിയുടെ നിര്‍ണായകബോര്‍ഡ് യോഗം ഇന്ന് ചേരുന്നത്.
 
ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്ഥാന് പുറത്ത് നടത്തണമെന്നാണ് ഇന്ത്യയുടെ ആവശ്യം. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനില്‍ കളിച്ചിട്ടില്ല. ഇന്ത്യയ്ക്ക് ഐസിസി പിന്തുണയുണ്ടെങ്കിലും പാകിസ്ഥാനില്‍ മാത്രമെ മത്സരങ്ങള്‍ സംഘടിപ്പിക്കു എന്ന നിലപാടിലാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്. മറ്റ് രാജ്യങ്ങള്‍ക്കൊന്നുമില്ലാത്ത സുരക്ഷാപ്രശ്‌നം ഇന്ത്യയ്ക്ക് മാത്രമായി എന്താണെന്നും പിസിബി ചോദിക്കുന്നു. ഇന്ത്യന്‍ ടീം പാകിസ്ഥാനില്‍ കളിച്ചില്ലെങ്കില്‍ ഇന്ത്യ വേദിയാകുന്ന ഐസിസി മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്നാണ് പിസിബിയുടെ നിലപാട്. ഇതോടെയാണ് ഐസിസി അടിയന്തിര ഓണ്‍ലൈന്‍ യോഗം വിളിച്ചത്. 
 
 നിലവില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായത് വിഷയത്തില്‍ പാകിസ്ഥാന് തിരിച്ചടിയായേക്കും.ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നടത്തണമെന്ന നിര്‍ദേശം തന്നെയാകും ഐസിസിയും മുന്നോട്ട് വെയ്ക്കുക. വഴങ്ങിയില്ലെങ്കില്‍ ടൂര്‍ണമെന്റ് മറ്റൊരു രാജ്യത്തേക്ക് മാറ്റിവെയ്ക്കുന്നതിനും സാധ്യതയുണ്ട്. അതേസമയം വേദിമാറ്റമുണ്ടായാല്‍ അത് പിസിബിക്ക് വലിയ സാമ്പത്തിക നഷ്ടമാകും ഉണ്ടാക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍