ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുകയും ഒടുക്കം എയറിലാകുകയും ചെയ്യുന്ന ഇന്ത്യയുടെ മുന്‍താരമാണ് സുനില്‍ ഗവാസ്‌കര്‍. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റുമായി ബന്ധപ്പെട്ടും ഗവാസ്‌കര്‍ ഇങ്ങനെയൊരു അഭിപ്രായ പ്രകടനം നടത്തി. പതിവുപോലെ അഭിപ്രായം പറഞ്ഞ് ഏതാനും മണിക്കൂറുകള്‍ കഴിയും മുന്‍പ് സോഷ്യല്‍ മീഡിയ ട്രോളുകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഗവാസ്‌കര്‍.
പൂണെ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ ഉള്‍പ്പെടുത്തിയതാണ് ഗവാസ്‌കറിനു ഇഷ്ടപ്പെടാതിരുന്നത്. പരിശീലകന്‍ ഗൗതം ഗംഭീറും നായകന്‍ രോഹിത് ശര്‍മയും എടുത്തത് മണ്ടന്‍ തീരുമാനമെന്ന നിലയിലാണ് ഗവാസ്‌കര്‍ പ്ലേയിങ് ഇലവന്‍ പ്രഖ്യാപനത്തിനു ശേഷം പ്രതികരിച്ചത്. ബാറ്റിങ്ങിനെ കുറിച്ച് ഇന്ത്യക്ക് ആശങ്കയുണ്ടെന്നും അതുകൊണ്ടാണ് കുല്‍ദീപ് യാദവിനെ മാറ്റി വാഷിങ്ടണ്‍ സുന്ദറിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. എന്നാല്‍ പൂണെ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിന്റെ ഏഴ് വിക്കറ്റുകളാണ് സുന്ദര്‍ വീഴ്ത്തിയത് !
' സുന്ദറിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത് ഇന്ത്യന്‍ ടീമിനു ബാറ്റിങ്ങിലുള്ള ആശങ്കയാണ് പ്രകടമാക്കുന്നത്. ബൗളര്‍ ആയതുകൊണ്ട് അല്ല കുറച്ച് റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിവ് ഉള്ളതുകൊണ്ട് മാത്രമാണ് സുന്ദറിനെ കളിപ്പിക്കുന്നത്. ഞാനാണെങ്കില്‍ കുല്‍ദീപ് യാദവിനെ തന്നെ കളിപ്പിക്കും,' എന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. അതേസമയം സുന്ദര്‍ മികച്ച പ്രകടനം നടത്തിയതിനു പിന്നാലെ ഗവാസ്‌കര്‍ അഭിപ്രായവും മാറ്റി. 'പ്രചോദനകരമായ സെലക്ഷന്‍. കുറച്ച് ബാറ്റ് ചെയ്യാനും കുറച്ച് ബൗള്‍ ചെയ്യാനും അറിയുന്നതുകൊണ്ട് മാത്രം പ്ലേയിങ് ഇലവനില്‍ എത്തിയതാണ്' എന്നാണ് സുന്ദര്‍ അഞ്ചാം വിക്കറ്റ് നേടിയപ്പോള്‍ ഗവാസ്‌കര്‍ കമന്റ് ചെയ്തത്.
'ഏതെങ്കിലും ഒരിടത്ത് ഉറച്ചുനില്‍ക്കൂ', 'ഏതെങ്കിലും താരത്തെ കുറിച്ച് നിങ്ങള്‍ മോശം പറഞ്ഞാല്‍ ഉറപ്പിക്കാം ആ താരമായിരിക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കുക' തുടങ്ങി രസകരമായ ട്രോളുകളാണ് ഗവാസ്‌കറിനെതിരെ വന്നുകൊണ്ടിരിക്കുന്നത്.