ജഡേജ ഇന്ത്യയുടെ റോക്സ്റ്റാർ, 2 മത്സരം മോശമായാൽ വിമർശിക്കുന്ന ആരാധകർക്കാണ് ശരിക്കും പ്രശ്നമെന്ന് ഗവാസ്കർ

അഭിറാം മനോഹർ

ബുധന്‍, 26 ജൂണ്‍ 2024 (14:33 IST)
ടി20 ലോകകപ്പില്‍ മോശം പ്രകടനം തുടരുന്ന ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പിന്തുണച്ചുകൊണ്ട് ഇന്ത്യന്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. ടി20 ലോകകപ്പിലെ ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും കളിച്ചിട്ടും ബൗളിംഗിലും ബാറ്റിംഗിലും കാര്യമായ ഒരു സംഭാവനയും ചെയ്യാന്‍ ജഡേജയ്ക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ജഡേജയെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് താരത്തിന് പിന്തുണയുമായി ഗവാസ്‌കര്‍ രംഗത്ത് വന്നത്.
 
രവീന്ദ്ര ജഡേജയെ ചോദ്യം ചെയ്യുന്നതിനെ പറ്റി ചിന്തിക്കേണ്ട കാര്യം തന്നെയില്ലെന്ന് തോന്നുന്നു. രണ്ട് മത്സരം ഒരു താരത്തിനുണ്ടായാല്‍ വിമര്‍ശനങ്ങളുമായി എത്തുന്ന ആരാധകരാണ് ശരിക്കും പ്രശ്‌നം. ഈ ചോദ്യങ്ങള്‍ ചോദിക്കുന്ന ആരെങ്കിലും സ്വന്തം തൊഴിലിനെ ഇത്തരത്തില്‍ വിമരിശിക്കുമോ. പ്ലേയിംഗ് ഇലവനില്‍ ജഡേജയുടെ സ്ഥാനം ചോദ്യം ചെയ്യേണ്ടതില്ല. ഇന്ത്യന്‍ ടീമിലെ റോക്സ്റ്റാറാണ് അദ്ദേഹം. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ഗവാസ്‌കര്‍ പറഞ്ഞു. ജഡേജ പരിചയസമ്പന്നനായ താരമായതിനാല്‍ അദ്ദേഹത്തിന്റെ ഫോമിനെ പറ്റി ആശങ്കയില്ല. അവസരങ്ങള്‍ കിട്ടുമ്പോഴൊക്കെ അദ്ദേഹം മികവ് കാട്ടാറുണ്ട്. ഫീല്‍ഡിംഗ് 20-30 റണ്‍സാണ് ജഡേജ സേവ് ചെയ്യുന്നതെന്ന് മറക്കരുതെന്നും ഗവാസ്‌കര്‍ കൂട്ടിചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍