ഇങ്ങനെ തോൽക്കാൻ കഴിയുമോ? ദക്ഷിണാഫ്രിക്ക ദക്ഷിണ കൊടുത്ത് പഠിക്കണം!

അഭിറാം മനോഹർ

ബുധന്‍, 31 ജൂലൈ 2024 (13:18 IST)
Srilanka Team
ശ്രീലങ്കക്കെതിരായ അവസാന മത്സരവും വിജയിച്ചുകൊണ്ട് ടി20 പരമ്പര 3-0ന് തൂത്തുവാരി ഇന്ത്യ. അവസാന മത്സരത്തില്‍ ഇന്ത്യ മുന്നോട്ട് വെച്ച 138 റണ്‍സ് വിജയലക്ഷ്യം കണക്കാക്കി ബാറ്റ് ചെയ്ത ശ്രീലങ്ക ഒരു ഘട്ടത്തില്‍ 110 റണ്‍സിന് ഒരു വിക്കറ്റ് എന്ന ശക്തമായ നിലയില്‍ നിന്നാണ് മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയത്. അവസാന പന്തില്‍ 3 റണ്‍സ് വേണ്ടപ്പോള്‍ 2 റണ്‍സ് നേടികൊണ്ട് മത്സരം സമനിലയിലാക്കിയെങ്കിലും സൂപ്പര്‍ ഓവറില്‍ ഇന്ത്യ വിജയിക്കുകയായിരുന്നു.
 
ഓപ്പണിങ്ങില്‍ 58 റണ്‍സാണ് ശ്രീലങ്കന്‍ സഖ്യം സ്വന്തമാക്കിയത്. രവി ബിഷ്‌ണോയിയുടെ പന്തില്‍ പതും നിസങ്കയെ പുറത്താക്കിയെങ്കിലും കുശാല്‍ പെരേരയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് ശ്രീലങ്കയെ വിജയത്തിനരികെ എത്തിച്ചു. 43 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസിനെ പുറത്താക്കി രവി ബിഷ്‌ണോയിയാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. തൊട്ടടുത്ത ഓവറില്‍ വനിന്ദു ഹസരങ്കയും പുറത്തായി. വാഷിങ്ടണ്‍ സുന്ദറിനായിരുന്നു വിക്കറ്റ്. തൊട്ടടുത്ത പന്തില്‍ ചരിത് അസലങ്കയും മടങ്ങിയതോറ്റെ 18 പന്തില്‍ 21 റണ്‍സായി ശ്രീലങ്കയുടെ വിജയലക്ഷ്യം.
 
 പതിനെട്ടാം ഓവര്‍ എറിഞ്ഞ ഖലീല്‍ അഹമ്മദ് 6 എക്‌സ്ട്രാ അടക്കം 12 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ അവസാന 2 ഓവറില്‍ 6 വിക്കറ്റ് ശേഷിക്കെ വെറും 9 റണ്‍സ് മാത്രമായിരുന്നു ശ്രീലങ്കയ്ക്ക് വേണ്ടിയിരുന്നത്. 46 റണ്‍സ് നേടിയ കുശാല്‍ പെരെരയേയും രമേശ് മെന്‍ഡിസിനെയും റിങ്കു സിംഗ് പുറത്താക്കിയതോടെ അവസാന ഓവറില്‍ ജയിക്കാന്‍ 6 റണ്‍സാണ് വേണ്ടിയിരുന്നത്. അവസാന ഓവര്‍ എറിഞ്ഞ നായകന്‍ സൂര്യകുമാര്‍ യാദവ് കമിന്‍ഡു മെന്‍ഡിസിനെ പുറത്താക്കി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. മഹീഷ തീഷണയേ കൂടി സൂര്യകുമാര്‍ പറഞ്ഞുവിട്ടതോടെ അവസാന പന്തിലെ വിജയലക്ഷ്യം 3 റണ്‍സായി മാറി. അവസാന പന്തില്‍ ഡബിള്‍ നേടി ചമിന്‍ഡു മത്സരം സമനിലയാക്കി.
 
സൂപ്പര്‍ ഓവറില്‍ കുശാല്‍ പെരേരയേയും പതും നിസങ്കയേയും പൂജ്യത്തിന് പുറത്താക്കി കൊണ്ട് വാഷിങ്ങ്ടണ്‍ ശ്രീലങ്കയുടെ സൂപ്പര്‍ ഓവര്‍ പോരാട്ടം 2 റണ്‍സില്‍ ഒതുക്കി. ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടികൊണ്ട് സൂര്യകുമാര്‍ യാദവ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. മത്സരത്തില്‍ നിശ്ചിത ഓവറില്‍ 2 വിക്കറ്റും സൂപ്പര്‍ ഓവറില്‍ 2 വിക്കറ്റും നേടിയ ഓള്‍ റൗണ്ടര്‍ വാഷിങ്ങ്ടണ്‍ സുന്ദറാണ് കളിയിലെ താരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍