'എന്തൊക്കെയാ ഇവിടെ നടക്കുന്നേ..!'; അവസാന ഓവറില്‍ സൂര്യകുമാര്‍ യാദവിന് രണ്ട് വിക്കറ്റ്, സൂപ്പര്‍ ഓവറില്‍ ഇന്ത്യക്ക് ജയം

രേണുക വേണു

ബുധന്‍, 31 ജൂലൈ 2024 (09:22 IST)
India

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരി ഇന്ത്യ. ആതിഥേയര്‍ ജയം ഉറപ്പിച്ച മൂന്നാം മത്സരത്തില്‍ അവസാന രണ്ട് ഓവറിലൂടെ അവിശ്വസനീയമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. ഒടുവില്‍ സൂപ്പര്‍ ഓവറില്‍ ഇന്ത്യ ജയിക്കുകയും ചെയ്തു. നിശ്ചിത 20 ഓവറില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാന്‍ സാധിച്ചു. ഇരു ടീമുകളുടേയും സ്‌കോര്‍ തുല്യമായതോടെ വിജയികളെ കണ്ടെത്താന്‍ സൂപ്പര്‍ ഓവര്‍ കളിക്കുകയായിരുന്നു. 
 
അവസാന രണ്ട് ഓവറില്‍ വെറും ഒന്‍പത് റണ്‍സ് മാത്രമായിരുന്നു ശ്രീലങ്കയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആറ് വിക്കറ്റുകള്‍ ശേഷിച്ചിരുന്നു. റിങ്കു സിങ് എറിഞ്ഞ 19-ാം ഓവറില്‍ ലങ്ക സ്‌കോര്‍ ചെയ്തത് വെറും രണ്ട് റണ്‍സ്, രണ്ട് വിക്കറ്റുകള്‍ വീഴുകയും ചെയ്തു. അപ്പോഴും വിജയസാധ്യതകള്‍ ആതിഥേയര്‍ക്കൊപ്പം തന്നെയായിരുന്നു. അവസാന ഓവറില്‍ വെറും ആറ് റണ്‍സ് മതിയായിരുന്നു ലങ്കയ്ക്ക് ജയിക്കാന്‍. പന്തെറിയാനെത്തിയത് നായകന്‍ സൂര്യകുമാര്‍ യാദവ്. ആദ്യ പന്ത് ബീറ്റണ്‍ ആക്കിയ സൂര്യ അടുത്ത രണ്ട് പന്തുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തി. പിന്നീട് മൂന്ന് പന്തില്‍ ആറ് റണ്‍സായി ലങ്കയുടെ വിജയലക്ഷ്യം. അവസാന മൂന്ന് പന്തില്‍ അഞ്ച് റണ്‍സ് സ്‌കോര്‍ ചെയ്യാനേ ലങ്കയ്ക്കു സാധിച്ചുള്ളൂ. 
 
മത്സരം സമനിലയിലായതോടെ സൂപ്പര്‍ ഓവര്‍ കളിക്കുകയായിരുന്നു. സൂപ്പര്‍ ഓവറിലെ ആദ്യ മൂന്ന് പന്തുകളില്‍ ലങ്കയുടെ കഥ കഴിഞ്ഞു. രണ്ട് റണ്‍സിനു രണ്ട് വിക്കറ്റ് ! മറുപടി ബാറ്റിങ്ങില്‍ ആദ്യ പന്ത് തന്നെ ഫോര്‍ അടിച്ച് സൂര്യ ഇന്ത്യയെ വിജയത്തിലെത്തിച്ചു. വാഷിങ്ടണ്‍ സുന്ദറാണ് കളിയിലെ താരം. നായകന്‍ സൂര്യകുമാര്‍ യാദവ് പരമ്പരയിലെ താരമായി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍