ശ്രീലങ്കക്കെതിരെ തിളങ്ങില്ലെന്ന് ശപഥം ചെയ്ത മനസാണത്, ട്രോളുകള്‍ക്കിടെ നാണക്കേടിന്റെ റെക്കോര്‍ഡും സഞ്ജുവിന്റെ പേരില്‍

അഭിറാം മനോഹർ

ബുധന്‍, 31 ജൂലൈ 2024 (12:12 IST)
ശ്രീലങ്കക്കെതിരായ മൂന്നാം ടി20 മത്സരത്തിലും മോശം പ്രകടനം നടത്തിയതോടെ സമൂഹമാധ്യമങ്ങളില്‍ സഞ്ജു സാംസണെതിരായ വിമര്‍ശനം കടുക്കുന്നു. രണ്ടാം ടി20 മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായ സഞ്ജു മൂന്നാം ടി20യില്‍ നാല് പന്തുകള്‍ നേരിട്ട ശേഷം പൂജ്യനായാണ് മടങ്ങിയത്. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യന്‍ താരമെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് സഞ്ജുവിന്റെ പേരിലായി.
 
2024ല്‍ മൂന്ന് തവണയാണ് പൂജ്യനായി സഞ്ജു പുറത്തായത്. അഫ്ഗാനെതിരായ പരമ്പരയിലും തുടര്‍ച്ചയായ അവസരങ്ങള്‍ ലഭിച്ചിട്ടും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. ഈ വര്‍ഷം ഇന്ത്യയ്ക്കയി കളിച്ച അഞ്ച് ഇന്നിങ്ങ്‌സുകളില്‍ മൂന്നെണ്ണത്തിലും സഞ്ജുവിന് അക്കൗണ്ട് തുറക്കാനായില്ല. 
 
വിരാട് കോലി,യൂസഫ് പഠാന്‍,രോഹിത് ശര്‍മ എന്നിവരും ഈ നാണക്കേടിന്റെ റെക്കോര്‍ഡില്‍ സഞ്ജുവിനൊപ്പമുണ്ട്. അതേസമയം പരമ്പരയിലെ അവസാന മത്സരത്തിലും വിജയിച്ചുകൊണ്ട് പരമ്പര 3-0ന് ഇന്ത്യ സ്വന്തമാക്കി. ബൗളിംഗില്‍ സൂര്യകുമാര്‍ യാദവ്,റിങ്കു സിംഗ് എന്നിവരുടെ മികച്ച പ്രകടനങ്ങളാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. അവസാന ഓവര്‍ വരെ പൊരുതിനിന്ന ശ്രീലങ്കയെ സൂപ്പര്‍ ഓവറില്‍ തകര്‍ത്താണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍