9 വർഷത്തിൽ വല്ലപ്പോഴും ഓരോ കളികൾ മാത്രം, സഞ്ജുവിനെ പരിഹസിക്കുന്നവർ അയാൾക്ക് ലഭിച്ച അവഗണനയുടെ ആഴവും ഓർക്കണം

അഭിറാം മനോഹർ

തിങ്കള്‍, 29 ജൂലൈ 2024 (08:45 IST)
Sanju Samson, Indian Team
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തന്റെ സാന്നിധ്യം അറിയിച്ച് 9 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ 29 ടി20 മത്സരങ്ങളിലാണ് മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിനായി കളിച്ചത്. 2014ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായെങ്കിലും 2015ല്‍ സിംബാബ്വെക്കെതിരെയായിരുന്നു ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനായി സഞ്ജു സാംസണിന്റെ അരങ്ങേറ്റം.
 
 പരമ്പരയില്‍ നിരാശപ്പെടുത്തിയതോടെ സഞ്ജുവിന് ടീമില്‍ അവസരം നഷ്ടമായി. ചെറിയ പ്രായമായതിനാല്‍ തന്നെ സഞ്ജുവിന് ഇനിയും അവസരങ്ങള്‍ ലഭിക്കുമന്ന് കരുതിയെങ്കിലും പിന്നീട് സഞ്ജുവിന് ഇന്ത്യന്‍ ജേഴ്‌സിയില്‍ അവസരം ലഭിക്കുന്നത് 2019ല്‍ മാത്രമാണ്. അതിനിടെ ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ടായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയില്‍ ധോനിയില്‍ നിന്നും പുതിയൊരു താരത്തിന് ബാറ്റണ്‍ കൈമാറണമെന്ന അവസ്ഥയില്‍ ബിസിസിഐ അതിന് യോഗ്യനായ ആളെ കണ്ടത് റിഷഭ് പന്തിലായിരുന്നു.
 
 ടി20യിലും ഏകദിനത്തിലും ഇന്ത്യന്‍ ജേഴ്‌സിയില്‍ മികച്ച പ്രകടനങ്ങളൊന്നും തന്നെ സ്ഥിരമായി നടത്താന്‍ കഴിയാതെ വന്നിട്ട് പോലും തുടര്‍ച്ചയായ അവസരങ്ങളാണ് റിഷഭ് പന്തിന് ലഭിച്ചത്. ഈ തുടര്‍ച്ചയായ പിന്തുണയും അവസരങ്ങളുമാണ് അന്താരാഷ്ട്ര തലത്തില്‍ തിളങ്ങാന്‍ റിഷഭ് പന്തിനെ സഹായിച്ചത്. ഇന്ന് നന്നായി കളിച്ചില്ലെങ്കിലും തന്റെ സ്ഥാനത്തിന് ഒന്നും സംഭവിക്കില്ലെന്ന ഉറപ്പില്‍ ബാറ്റിംഗിനിറങ്ങുന്ന പന്തും ലഭിക്കുന്ന ഒരു അവസരമാണെങ്കില്‍ പോലും അന്ന് മോശം പ്രകടനം നടത്തിയാല്‍ ഇനി അവസരം ലഭിക്കില്ലെന്ന സമ്മര്‍ദ്ദത്തില്‍ ഇറങ്ങുന്ന സഞ്ജുവും രണ്ട് തലങ്ങളിലാണ് ബാറ്റ് ചെയ്യുന്നതെന്ന് സഞ്ജുവിന്റെ വിമര്‍ശകര്‍ പലപ്പോഴും മറക്കുന്ന കാര്യമാണ്.
 
 തനിക്ക് തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുന്ന ഐപിഎല്ലില്‍ സഞ്ജു നടത്തുന്ന പ്രകടനങ്ങള്‍ തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. 2019ല്‍ ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി മത്സരം വീണ്ടും ശക്തമായെങ്കിലും ബിസിസിഐ സഞ്ജുവിനേക്കാള്‍ അവസരം നല്‍കിയത് ഇഷാന്‍ കിഷനെയായിരുന്നു. 2019 മുതല്‍ പലപ്പോഴും ഇന്ത്യന്‍ ടീമില്‍ ഒരു വിരുന്നുകാരന്റെ വേഷമാണ് സഞ്ജുവിന് ലഭിചത്. ഈ അവസരങ്ങളില്‍ ഏറിയ പങ്കും ടി20 ക്രിക്കറ്റില്‍ സഞ്ജു നിരാശപ്പെടുത്തുകയും ചെയ്തു.
 
 അതേസമയം ധോനിയുടെ പിന്‍ഗാമിയായെത്തിയ റിഷഭ് പന്ത് ടെസ്റ്റ് ഫോര്‍മാറ്റില്‍ മാത്രമാണ് ടീമിനെ ഒഴിവാക്കാന്‍ പറ്റാത്ത താരമായി ഉയര്‍ന്നത്. ടി20യിലും ഏകദിനത്തിലും വെറും ശരാശരി പ്രകടനമാണ് നടത്തുന്നതെങ്കിലും ടെസ്റ്റില്‍ ഉണ്ടാക്കിയെടുക്കാനായ മാച്ച് വിന്നര്‍ പരിവേഷം പന്തിന് ഉപകാരപ്പെട്ടു. കഴിഞ്ഞ 5 വര്‍ഷം കൊണ്ട് റിഷഭ് പന്ത് കളിച്ചത് 76 ടി20 മത്സരങ്ങളാണ് എന്നതും കഴിഞ്ഞ 9 വര്‍ഷം സഞ്ജു ഇന്ത്യയ്ക്കായി കളിച്ചത് 29 മത്സരങ്ങളാണ് എന്നതും വിമര്‍ശകര്‍ ഓര്‍ക്കുന്നത് നല്ലതാണ്. ഈ 29 അവസരങ്ങളില്‍ 7 വ്യത്യസ്തമായ ബാറ്റിംഗ് സ്‌പോട്ടുകളിലാണ് സഞ്ജു കളിച്ചതെന്നും വിമര്‍ശകര്‍ മറക്കരുത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍