ഗോൾഡൻ ചാൻസിൽ റൺസൊന്നും നേടാതെ മടങ്ങി, ഐപിഎൽ ലെജൻഡായി മാത്രം അവസാനിക്കുമോ കരിയർ!

അഭിറാം മനോഹർ

തിങ്കള്‍, 29 ജൂലൈ 2024 (08:21 IST)
Sanju Samson, Indian Team
ശ്രീലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ലഭിച്ച സുവര്‍ണാവസരം മുതലെടുക്കാനാവാതെ നിരാശപ്പെടുത്തി സഞ്ജു സാംസണ്‍. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് കഴുത്തുളുക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ടാം ടി20 മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചത്. ജയ്‌സ്വാളിനൊപ്പം ഓപ്പണിംഗില്‍ ഇറങ്ങിയ സഞ്ജുവിന് മത്സരത്തിലെ മികച്ച പ്രകടനത്തോടെ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കാമായിരുന്ന ഒരു അവസരമാണ് ഇന്നലെ നഷ്ടമായത്.
 
ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നുവെങ്കിലും ടൂര്‍ണമെന്റിലെ ഒരു മത്സരത്തില്‍ കൂടി സഞ്ജു കളിച്ചിരുന്നില്ല. ലോകകപ്പില്‍ മൂന്നാം നമ്പറില്‍ കളിച്ച റിഷഭ് പന്ത് അത്ര ആകര്‍ഷണീയമായ പ്രകടനമല്ല നടത്തിയതെങ്കിലും ഇന്ത്യയുടെ 3 ഫോര്‍മാറ്റുകളിലെയും ആദ്യ വിക്കറ്റ് കീപ്പര്‍ ഓപ്ഷന്‍ റിഷഭ് പന്തായിരിക്കുമെന്ന് പുതിയ പരിശീലകനായ ഗൗതം ഗംഭീര്‍ വ്യക്തമാക്കിയിരുന്നു. ടോപ് ഓര്‍ഡറില്‍ റുതുരാജ് ഗെയ്ക്ക്വാദ്,അഭിഷേക് ശര്‍മ, താരങ്ങള്‍ ഓപ്പണിംഗ് പൊസിഷനായി പുറത്തുനില്‍ക്കുന്നതിനിടെയാണ് സഞ്ജുവിനെ തേടി അവസരമെത്തിയത്.
 
ഇത്രയും താരങ്ങള്‍ ഒരൊറ്റ പൊസിഷനായി മത്സരിക്കുന്നു എന്നതിനാല്‍ തന്നെ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനത്തിനായി അവകാശം ഉന്നയിക്കാന്‍ ലഭിക്കുന്ന അവസരങ്ങളില്‍ കഴിവ് തെളിയിക്കേണ്ട അവസ്ഥയിലാണ് സഞ്ജു. ശുഭ്മാന്‍ ഗില്ലിനേറ്റ പരിക്ക് കൊണ്ട് മാത്രം അവസരം ലഭിച്ച സഞ്ജു മൂന്നാം ടി20 മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ എത്തുമോ എന്ന് വ്യക്തമല്ല.

ഈ സാഹചര്യത്തിലാണ് മഹേഷ് തീക്ഷണ എറിഞ്ഞ ആദ്യ പന്തില്‍ ഹന്നെ സഞ്ജു പുറത്തായത്. റിഷഭ് പന്ത് ടി20 ഫോര്‍മാറ്റില്‍ തിളങ്ങുകയും ടോപ് ഓര്‍ഡറില്‍ വലിയ മത്സരം നിലവില്‍ ഉണ്ട് എന്നതും സഞ്ജുവിന് കടുത്ത വെല്ലുവിളികളാണ്. ഇനിയും എത്ര അവസരം സഞ്ജുവിന് മുന്നില്‍ തുറക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ തന്നെ ലഭിക്കുന്ന അവസരം മുതലെടുക്കണമെന്ന കടുത്ത സമ്മര്‍ദ്ദമാണ് സഞ്ജുവിന് മുകളിലുള്ളത്. അവസരങ്ങള്‍ മുതലെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ടി20 ഫോര്‍മാറ്റില്‍ ഐപിഎല്‍ ലെജന്‍ഡ് എന്ന നിലയില്‍ മാത്രമാകും കരിയര്‍ അവസാനിപ്പിക്കാന്‍ സഞ്ജുവിന് സാധിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍