നിറഞ്ഞാടി ജയ്സ്വാളും ബിഷ്ണോയിയും, സഞ്ജു ആദ്യ പന്തിൽ പുറത്ത്, ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്ക് വിജയം

അഭിറാം മനോഹർ

തിങ്കള്‍, 29 ജൂലൈ 2024 (07:56 IST)
India, Srilanka
മഴ തടസ്സപ്പെടുത്തിയതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓവര്‍ പുനര്‍നിര്‍ണയിച്ച മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്ക് വിജയം. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ഓവര്‍ ബാറ്റ് ചെയ്യുന്നതിനിടെ മഴ എത്തിയതോടെ മത്സരം വെട്ടിചുരുക്കുകയായിരുന്നു.
 
 8 ഓവറില്‍ 78 റണ്‍സാണ് വിജയിക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. 6.3 ഓവറില്‍ തന്നെ 3 വിക്കറ്റ് നഷ്ടത്തില്‍ ഈ വിജയലക്ഷ്യം ഇന്ത്യ മറികടന്നു. ഇതോടെ 3 മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. ചൊവ്വാഴ്ചയാണ് മൂന്നാം ടി20 മത്സരം നടക്കുക. 15 പന്തില്‍  2സിക്‌സും 3 ഫോറും ഉള്‍പ്പടെ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ 30 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. 12 പന്തില്‍ 26 റണ്‍സുമായി നായകന്‍ സൂര്യകുമാര്‍ യാദവും 9 പന്തില്‍ 3 സിക്‌സും 3 ഫോറും സഹിതം 22 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യന്‍ നിരയില്‍ തിളങ്ങി.
 
 നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് കുശാല്‍ പെരേരയും പതും നിസങ്കയും ചേര്‍ന്ന് സമ്മാനിച്ചത്. പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 എന്ന നിലയിലായിരുന്നു ശ്രീലങ്ക. 15 ഓവറില്‍ 130 റണ്‍സിന് 2 വിക്കറ്റെന്ന സുരക്ഷിതമായ നിലയില്‍ നിന്നാണ് ലങ്കന്‍ സ്‌കോര്‍ 161 റണ്‍സിലേക്ക് ചുരുങ്ങിയത്. 4 ഓവറില്‍ 26 റണ്‍സ് മാത്രം നല്‍കി 3 വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ രവി ബിഷ്‌ണോയിയാണ് ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ തിളങ്ങിയത്. അര്‍ഷദീപ് സിംഗ്,അക്‌സര്‍ പട്ടേല്‍,ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍