നാഴികകല്ലിന് തൊട്ടരികെ സ്മിത്ത് വീണു, ടെസ്റ്റിൽ പതിനായിരം റൺസ് തികയ്ക്കാൻ ഇനിയും കാത്തിരിക്കണം

അഭിറാം മനോഹർ
ഞായര്‍, 5 ജനുവരി 2025 (10:16 IST)
Steve smith- Prasidh krishna
ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സെന്ന നാഴികകല്ലിന് തൊട്ടരികെ വിക്കറ്റ് നഷ്ടപ്പെടുത്തി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത്. സിഡ്‌നി ടെസ്റ്റിനിറങ്ങുമ്പോള്‍ 38 റണ്‍സായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് തികയ്ക്കാന്‍ താരത്തിന് വേണ്ടിയിരുന്നത്. ആദ്യ ഇന്നിങ്ങ്‌സില്‍ 33 റണ്‍സെടുത്ത സ്മിത്തിന് രണ്ടാം ഇന്നിങ്ങ്‌സില്‍ നേട്ടത്തിലെത്താന്‍ 5 റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്.
 
 10,000 റണ്‍സ് എന്ന നാഴികകല്ലിലേക്ക് ബാറ്റ് വീശിയ സ്മിത്ത് തുടക്കത്തില്‍ തന്നെ പ്രസിദ്ധ് കൃഷ്ണയുടെ ശക്തമായ എല്‍ബിഡബ്യു അപ്പീലില്‍ നിന്നും രക്ഷപ്പെട്ടു. പിന്നീട് 2 റണ്‍സുകള്‍ കൂടി നേടിയെടുത്ത് 9,999 ടെസ്റ്റ് റണ്‍സിലെത്തി നില്‍ക്കെയാണ് പ്രസിദ്ധിന്റെ പന്തില്‍ യശ്വസി ജയ്‌സ്വാളിന് ക്യാച്ച് നല്‍കി മടങ്ങിയത്. പരമ്പരയ്ക്ക് മുന്‍പ് ഫോമില്ലായ്മയുടെ പേരില്‍ ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടിരുന്നെങ്കിലും ബ്രിസ്‌ബേനിലും പിന്നാലെ മെല്‍ബണിലും സെഞ്ചുറികള്‍ നേടികൊണ്ട് സ്മിത്ത് ഫോം വീണ്ടെടുത്തിരുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പര അവസാനിച്ചതിനാല്‍ തന്നെ 10,000 ടെസ്റ്റ് റണ്‍സ് എന്ന നേട്ടത്തിലെത്താന്‍ ശ്രീലങ്കന്‍ പര്യടനം വരെ സ്മിത്തിന് കാത്തിരിക്കേണ്ടി വരും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article