ക്രിക്കറ്റിനോട് വിട പറഞ്ഞ് സ്റ്റെയ്‌ൻ ഗൺ, അരങ്ങൊഴിയുന്നത് പേസ് ഇതിഹാസം

Webdunia
ചൊവ്വ, 31 ഓഗസ്റ്റ് 2021 (17:17 IST)
ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളിംഗ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍ ക്രിക്കറ്റിനോട് വിട പറഞ്ഞു. മുപ്പത്തിയെട്ടുകാരനായ താരം തന്നെയാണ് ട്വിറ്ററിലൂടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. നീണ്ട 17 വർഷത്തെ കരിയറിനാണ് ഇതോടെ വിരാമമായത്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും സ്റ്റെയ്‌ൻ രണ്ട് വർഷം മുൻപേ വിരമിച്ചിരുന്നു.
 
ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളറായിരുന്ന സ്റ്റെയ്‌നായിരുന്നു ദക്ഷിണാഫ്രിക്കൻ ആക്രമണങ്ങളുടെ കുന്തമുന. 2004ല്‍ പോര്‍ട്ട് എലിസബത്തില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സ്റ്റെയ്ന്‍ തൊട്ടടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയ്ക്കായി ഏകദിനത്തിലും കുപ്പായമണിഞ്ഞു.
 
തുടർന്ന് ഇംഗ്ലണ്ടിനും ഓസീസിനുമതിരായ ടെസ്റ്റ് ജയങ്ങൾ അടക്കം ദക്ഷിണാഫ്രിക്കയുടെ പ്രധാനവിജയങ്ങളിൽ പങ്കാളിയായി. 2010-15 വർഷകാലത്ത് തുടർച്ചയായി ടെസ്റ്റ് ബൗളിങ് റാങ്കിങിൽ ഒന്നാംസ്ഥാനം നിലനിർത്തിയ സ്റ്റെയ്‌ൻ തന്റെ സമാകാലീനരായ ബൗളർമാരിൽ നിന്നും കാതങ്ങൾ മുൻപിലായിരുന്നു. 2008,2009 വർഷങ്ങളിൽ ടെസ്റ്റിൽ രണ്ടാം നമ്പർ ബൗളറാവാനും സ്റ്റെയ്‌നിനായി.
 
തീ തുപ്പുന്ന പന്തുകൾ കാരണം സ്റ്റെയ്‌ൻ ഗൺ എന്ന അപരനാമവും സ്റ്റെയ്‌നിന് സ്വന്തമായുണ്ട്.93 ടെസ്റ്റുകളില്‍ നിന്ന് 439 വിക്കറ്റുകളാണ് സമ്പാദ്യം. 125 ഏകദിനങ്ങളില്‍ നിന്ന് 196 വിക്കറ്റുകളും സ്റ്റെയ്ന്‍ സ്വന്തമാക്കി. 47 ട്വന്റി20 മത്സരങ്ങള്‍ കളിച്ച സ്റ്റെയ്ന്‍ 64 വിക്കറ്റുകളും സ്വന്തംപേരിലെഴുതിയിരുന്നു. ഐപിഎല്‍ ടീമുകളായ ഡെക്കാണ്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവയ്ക്കുവേണ്ടി പന്തെറിഞ്ഞിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article