പിച്ച് സ്പിന്നിനെ തുണച്ചാലും, പേസിനെ തുണച്ചാലും താളം കണ്ടെത്താൻ ബാറ്റ്സ്മാന് കഴിയണം: കോലിയേയും രോഹിത്തിനെയും വിമർശിച്ച് ഇൻസമാം

വെള്ളി, 27 ഓഗസ്റ്റ് 2021 (21:21 IST)
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ ബാറ്റിങ് തകർച്ചയ്ക്ക് കാരണം ഇന്ത്യൻ നായകൻ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും കളിയോടുള്ള മോശം സമീപനമാണെന്ന് മുൻ പാകിസ്ഥാൻ താരം ഇൻസമാം ഉൾ ഹഖ്. ഹെഡിങ്‌ലി ടെസ്റ്റിൽ ഇരുവരും അമിതമായ പ്രതിരോധത്തിലേക്ക് പോയതാണ് ഇന്ത്യയ്ക്ക് വിനയായതെന്നാണ് ഇൻസമാം പറയുന്നത്.
 
ക്രീസില്‍ 25 - 30 പന്തുകള്‍ നേരിട്ടു കഴിഞ്ഞാല്‍ കണ്ണെത്തിക്കാന്‍ കഴിയുന്നിടത്ത് കയ്യെത്തിക്കാന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിയണം. അതിപ്പോൾ പിച്ച് സ്പിന്നിനെ തുണച്ചാലും പേസിനെ തുണച്ചാലും ബാറ്റ്സ്മാന്മാർ ഈ സമയത്തിനുള്ളിൽ താളം കണ്ടെത്തണം. ഇന്‍സമാം സ്വന്തം യൂട്യൂബ് ചാനലില്‍ അറിയിച്ചു.
 
ഇന്ത്യയുടെ രോഹിത് ശർമ ആദ്യ ദിനം 105 പന്തുകളാണ് നേരിട്ടത്. നേടിയതാവട്ടെ 19 റൺസും. ബൗളർമാരെ അമിതമായി ബഹുമാനിക്കുകയാണ് രോഹിത് ചെയ്‌തത്. മറുഭാഗത്ത് ചീട്ടുകൊട്ടാരം പോലെ വിക്കറ്റുകൾ വീണതും രോഹിത്തിന് സമ്മർദ്ധം ചെലുത്തി. വിരാട് കോലിയും സമാനമായ രീതിയിലാണ് കളിച്ചത്. ഒടുവിൽ ആൻഡേഴ്‌സണ് മുന്നിൽ കോലിക്ക് അടിയറവ് പറയേണ്ടി വന്നു.
 
ഒരറ്റത്ത് വിക്കറ്റുകള്‍ പോകുമ്പോള്‍ റിസക് എടുക്കാന്‍ ക്രീസില്‍ സെറ്റായ ബാറ്റ്‌സ്മാന്‍ തയ്യാറാകണം. 105 പന്തുകൾ നേരിട്ടിട്ടും രോഹിത് സെറ്റ് ആയില്ല എന്ന് പറയുന്നതിൽ അർഥമില്ല. കോലിയും സ്വതസിദ്ധമായ രീതിയിൽ കളിക്കണമായിരുന്നു. എന്നാൽ കോലിയും സമാനമായ രീതിയിലാണ് കളിച്ചത്. ഇൻസമാം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍