അവന്‍ മിടുക്കനാണ്, ലോകകപ്പ് നേടുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഐപിഎല്‍ കിരീടം നേടാന്‍; നാണംകെട്ട തോല്‍വിക്ക് ശേഷവും രോഹിത്തിനെ പിന്തുണച്ച് സൗരവ് ഗാംഗുലി

ചൊവ്വ, 13 ജൂണ്‍ 2023 (11:18 IST)
ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ ദയനീയ തോല്‍വിക്ക് ശേഷവും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പിന്തുണച്ച് ബിസിസിഐ മുന്‍ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. വിരാട് കോലിക്ക് ശേഷം നായകസ്ഥാനം ഏറ്റെടുക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ രോഹിത് തന്നെ ആയിരുന്നെന്ന് ഗാംഗുലി പറഞ്ഞു. രോഹിത് നായകസ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഗാംഗുലി ആയിരുന്നു ബിസിസിഐ അധ്യക്ഷന്‍. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ അടക്കം രോഹിത്തിന്റെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്ത് രംഗത്തെത്തിയ സാഹചര്യത്തിലാണ് സൗരവ് ഗാംഗുലിയുടെ പിന്തുണ. 
 
' വിരാട് കോലിക്ക് ശേഷം സെലക്ടര്‍മാര്‍ ഒരു ക്യാപ്റ്റനെ അന്വേഷിച്ചു. ആ സമയത്ത് ഏറ്റവും ഉചിതമായ തീരുമാനം രോഹിത് ശര്‍മ തന്നെ ആയിരുന്നു. രോഹിത് അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. മാത്രമല്ല രാജ്യാന്തര മത്സരങ്ങളിലും മികവ് തെളിയിച്ചു. ഏഷ്യാ കപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കി. കോലിക്ക് ശേഷം മികച്ചൊരു ഓപ്ഷന്‍ രോഹിത് തന്നെയായിരുന്നു. രണ്ട് വര്‍ഷം മുന്‍പും നമ്മള്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ തോറ്റിട്ടുണ്ട്,' 
 
' എനിക്ക് രോഹിത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. അവനും ധോണിയും അഞ്ച് വീതം ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഐപിഎല്‍ ചാംപ്യന്‍മാരാകുക അത്ര എളുപ്പമുള്ള കാര്യമല്ല. ലോകകപ്പ് ജയിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഐപിഎല്‍ കിരീടം നേടാന്‍. പ്ലേ ഓഫിലേക്ക് എത്തണമെങ്കില്‍ തന്നെ ഐപിഎല്ലില്‍ 14 കളികള്‍ കളിക്കണം. ലോകകപ്പില്‍ സെമിയില്‍ കയറണമെങ്കില്‍ നാലോ അഞ്ചോ കളികള്‍ മാത്രം മതി. ഐപിഎല്ലില്‍ നിങ്ങള്‍ക്ക് ചാംപ്യന്‍മാര്‍ ആകണമെങ്കില്‍ 17 മത്സരങ്ങള്‍ കളിക്കണം,' ഗാംഗുലി പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍