ഐപിഎല്‍ സൂപ്പര്‍താരങ്ങള്‍ ഇന്ത്യന്‍ സ്‌ക്വാഡിലേക്ക്; കോലി, രോഹിത്, രാഹുല്‍ പുറത്തിരിക്കും, തലമുറ മാറ്റത്തിനു ബിസിസിഐ

ചൊവ്വ, 13 ജൂണ്‍ 2023 (10:57 IST)
ഇന്ത്യന്‍ ടീമില്‍ തലമുറ മാറ്റം നടപ്പിലാക്കാന്‍ ബിസിസിഐ. ട്വന്റി 20 ഫോര്‍മാറ്റില്‍ ആകും ഇതിന്റെ ആദ്യ ഘട്ടം നടപ്പിലാക്കുക. വിരാട് കോലി, രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍ തുടങ്ങിയ താരങ്ങള്‍ക്ക് ട്വന്റി 20 ഫോര്‍മാറ്റില്‍ ഇനി അവസരം ലഭിക്കില്ല. ഏകദിന ലോകകപ്പിന് ശേഷം നടക്കുന്ന ട്വന്റി 20 പരമ്പരകള്‍ക്കുള്ള ടീമില്‍ സീനിയര്‍ താരങ്ങള്‍ ആരും ഇടം പിടിക്കില്ല. 2024 ലെ ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ ടീമില്‍ വന്‍ മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നത്. 
 
ട്വന്റി 20 ഫോര്‍മാറ്റില്‍ ഓപ്പണര്‍മാരായി യഷ്വസി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍ എന്നിവരെയാണ് ബിസിസിഐ പരിഗണിക്കുന്നത്. ഇവര്‍ക്ക് ശേഷമായിരിക്കും ഇഷാന്‍ കിഷനെ പരിഗണിക്കുക. പഞ്ചാബ് കിങ്‌സിന്റെ വിക്കറ്റ് കീപ്പറായിരുന്ന ജിതേഷ് ശര്‍മ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ മധ്യനിര ബാറ്റര്‍ റിങ്കു സിങ് എന്നിവരെയും ട്വന്റി 20 ഫോര്‍മാറ്റിലേക്ക് പരിഗണിക്കും. മുംബൈ ഇന്ത്യന്‍സ് താരങ്ങളായ തിലക് വര്‍മ, ആകാശ് മദ്വാള്‍ എന്നിവര്‍ക്കും സാധ്യതയുണ്ട്. 
 
ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ സ്ഥിരം നായകന്‍ ആകുക. രോഹിത് ഇനി നായകസ്ഥാനത്തേക്ക് തിരിച്ചെത്തില്ല. റിഷഭ് പന്ത് തിരിച്ചെത്തിയാല്‍ ഉപനായകസ്ഥാനം നല്‍കും. റിഷഭ് പന്തിന്റെ തിരിച്ചുവരവ് ആശ്രയിച്ചിരിക്കും മലയാളി താരം സഞ്ജു സാംസണിന്റെ ഭാവി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍