ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ദയനീയ പരാജയത്തിന് പിന്നാലെ എം എസ് ധോനിയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി രംഗത്തെത്തിയ ആരാധകനെതൊരെ പൊട്ടിത്തെറിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. പരിശീലകനോ സീനിയര്‍ താരങ്ങളോ ഇല്ലാതെ യുവതാരങ്ങളെ വെച്ച് പ്രതാപകാലത്തെ ഓസീസിനെ സെമിയില്‍ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് ധോനി ലോകകപ്പ് നേടിതന്നുവെന്നായിരുന്നു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തോല്‍വിക്ക് പിന്നാലെ ആരാധകന്റെ ട്വീറ്റ്. 2013ല്‍ ധോനി നേടിതന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യയ്ക്ക് ഐസിസി കിരീടങ്ങള്‍ ഒന്നും തന്നെ നേടാനായില്ലെന്ന് കാണിച്ചായിരുന്നു ആരാധകന്റെ ട്വീറ്റ്.
എന്നാല്‍ ഈ ട്വീറ്റിനെതിരെ പൊട്ടിത്തെറിച്ച് രംഗത്ത് വന്നിരിക്കുകയാണ് 2007ലെ ഏകദിനലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. 2007ലെ ലോകകപ്പ് ധോനി ഒറ്റയ്ക്കാണോ നേടിയതെന്നും മറ്റ് 10 പേര്‍ കൂടെയുണ്ടായിരുന്നില്ലെ എന്നും ഹര്‍ഭജന്‍ ചോദിക്കുന്നു. മറ്റേതെങ്കിലും രാജ്യങ്ങള്‍ കിരീടം നേടിയാല്‍ ആ രാജ്യം കിരീടം നേടിയെന്നാകും തലക്കെട്ട് വരിക. ഇന്ത്യയില്‍ പക്ഷേ ക്യാപ്റ്റന്‍ കിരീടം നേടി എന്നാകും തലക്കെട്ട്. ഇതൊരു കായികമത്സരമാണ്. ടീമാണ് വിജയിക്കുന്നതും തോല്‍ക്കുന്നതും അല്ലാതെ വ്യക്തിയല്ല. ആരാധകന് മറുപടിയായി ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു.