അന്ന് ചാപ്പലിനൊപ്പം ചേര്‍ന്ന് ടീം കുട്ടിച്ചോറാക്കി, ഇന്ന് പരിശീലകനായി ഇന്ത്യയെ നശിപ്പിക്കുന്നു; ദ്രാവിഡിനെതിരെ ആരാധകരുടെ കലിപ്പ്

ചൊവ്വ, 13 ജൂണ്‍ 2023 (10:27 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ആരാധകര്‍. പരിശീലക സ്ഥാനത്തു നിന്ന് രാഹുലിനെ മാറ്റിയില്ലെങ്കില്‍ ഇന്ത്യന്‍ ടീമിന്റെ തകര്‍ച്ച കാണേണ്ടി വരുമെന്നാണ് ആരാധകരുടെ അഭിപ്രായം. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റതിനു പിന്നാലെയാണ് രാഹുലിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. പരിശീലകന്‍ എന്ന നിലയില്‍ ദ്രാവിഡ് പൂര്‍ണ പരാജയമാണെന്ന് ആരാധകര്‍ പറയുന്നു. 
 
2007 ഏകദിന ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് സ്റ്റേജില്‍ പുറത്താകുമ്പോള്‍ രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റനും ഗ്രേഗ് ചാപ്പല്‍ പരിശീലകനും ആയിരുന്നു. അന്ന് ചാപ്പിലിനൊപ്പം ചേര്‍ന്ന് ടീമിനെ നശിപ്പിച്ചത് ദ്രാവിഡ് ആണെന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. സമാന സാഹചര്യത്തോടാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനെ ആരാധകര്‍ ഉപമിക്കുന്നത്. ദ്രാവിഡ് പരിശീലകനായി തുടരുന്നിടത്തോളം ഇന്ത്യക്ക് മേജര്‍ ടൂര്‍ണമെന്റുകളില്‍ ജയിക്കാന്‍ കഴിയില്ലെന്ന് ആരാധകര്‍ പറയുന്നു. 
 
രാഹുല്‍ ദ്രാവിഡിന്റെ സാന്നിധ്യം ടീമില്‍ യാതൊരു ഇംപാക്ടും ഉണ്ടാക്കുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. കളിക്കാരെ പ്രചോദിപ്പിക്കാനോ ആക്രമണ ശൈലിയില്‍ കളിക്കാന്‍ പ്രേരിപ്പിക്കാനോ ദ്രാവിഡിന് സാധിക്കുന്നില്ല. മനോവീര്യം നശിച്ച പോലെയാണ് പല മുതിര്‍ന്ന താരങ്ങളും കളിക്കുന്നത്. ഇതിനെല്ലാം കാരണം ദ്രാവിഡിന്റെ പരിശീലക സ്ഥാനമാണെന്നും അദ്ദേഹത്തെ തല്‍സ്ഥാനത്തു നിന്നു ഉടന്‍ നീക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു. 
 
ഗാരി കിര്‍സ്റ്റണെ പോലെ ഒരു വിദേശ പരിശീലകനെയാണ് ഇന്ത്യക്ക് ആവശ്യമെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. അല്ലെങ്കില്‍ ഗൗതം ഗംഭീര്‍, വിരേന്ദര്‍ സെവാഗ് തുടങ്ങിയവരില്‍ ആരെയെങ്കിലും പരിശീലകനാക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍