Shubman Gill: മോശം ഫോമിലൂടെ കടന്നുപോകുന്ന ശുഭ്മാന്‍ ഗില്ലിന് സോഷ്യല്‍ മീഡിയ ട്രോള്‍മഴ. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഡക്കിനു പുറത്തായതിനു പിന്നാലെയാണ് ഇന്ത്യന്‍ യുവതാരത്തിനെതിരെ ക്രിക്കറ്റ് ആരാധകരുടെ വിമര്‍ശനങ്ങളും പരിഹാസങ്ങളും. അടുത്ത സച്ചിനോ കോലിയോ ആണെന്ന് പൊക്കിയടിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ ഗില്ലിനെ പരിഹസിക്കാന്‍ മുന്‍പന്തിയില്‍ ഉള്ളത്. അഹമ്മദബാദിലെ ഫ്‌ളാറ്റ് പിച്ചില്‍ അല്ലാതെ ഗില്‍ ഇനി തിളങ്ങുമെന്ന് തോന്നുന്നില്ലെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ 2023 മുതലുള്ള ഗില്ലിന്റെ പ്രകടനങ്ങള്‍ പരിഗണിച്ചാല്‍ ഒറ്റവാക്കില്‍ 'വന്‍ പരാജയം' എന്നു മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കൂ. ഇംഗ്ലണ്ടിനെതിരെ അഹമ്മദബാദില്‍ നേടിയ സെഞ്ചുറി മാറ്റിനിര്‍ത്തിയാല്‍ ഒരു അര്‍ധ സെഞ്ചുറി പോലും ഗില്ലിന് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. അവസാന 15 ഇന്നിങ്‌സുകളില്‍ മൂന്ന് തവണ പൂജ്യത്തിനു പുറത്തായി. മൂന്ന് തവണ പത്ത് റണ്‍സില്‍ താഴെയാണ് സ്‌കോര്‍ ചെയ്തിരിക്കുന്നത്. മുപ്പത് റണ്‍സ് കടന്നിരിക്കുന്നത് ഒറ്റത്തവണ മാത്രം. 23, 0, 34, 0, 0 എന്നിങ്ങനെയാണ് അവസാന അഞ്ച് ഇന്നിങ്‌സുകള്‍. ബിസിസിഐ മൂന്ന് ഫോര്‍മാറ്റിലേയും ഭാവി നായകനായി പരിഗണിക്കുന്ന ഗില്ലിന്റെ പ്രകടനങ്ങള്‍ ഒരു തരത്തിലും പ്രതീക്ഷയ്‌ക്കൊത്തു ഉയരുന്നതല്ല.
ഇന്ത്യയുടെ ബാബര്‍ അസം എന്നാണ് ഗില്ലിനെ ആരാധകര്‍ പരിഹസിക്കുന്നത്. ബാബറിനെ പോലെ വലിയ പിആര്‍ വര്‍ക്കുകള്‍ കൊണ്ട് ടീമില്‍ തുടരുന്ന താരമാണ് ഗില്ലെന്നും പെര്‍ഫോമന്‍സ് പരിഗണിച്ചാല്‍ നിലവില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കാനുള്ള യോഗ്യത പോലും ഇല്ലെന്നും ആരാധകര്‍ പരിഹസിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും പ്രധാനപ്പെട്ട പൊസിഷനാണ് മൂന്നാം നമ്പര്‍. ചേതേശ്വര്‍ പൂജാരയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ പെര്‍ഫോം ചെയ്യാന്‍ ഗില്ലിന് ഇതുവരെ സാധിച്ചിട്ടില്ല. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ അടുത്തിരിക്കെ ഗില്ലിനെ വെച്ച് ഇനിയും പരീക്ഷണം വേണോ എന്നാണ് ആരാധകരുടെ പ്രധാന ചോദ്യം.